Monday, January 3, 2011

പൈതൃകം

അച്ഛൻ പണ്ട് ആരേലും ഒക്കെ മരിച്ചു പോയതിന്റെ സങ്കടം പറയുന്നത് കേട്ടാൽ അഹങ്കാരത്തോടെ ഒരു തരം വല്ല്യ കാര്യായി എടുത്തു പറയുന്ന ഒരു കഥയുണ്ട് പ്രത്യേകിച്ചും എന്നെ കേൾപ്പിക്കുന്ന രീതിയിൽ.അച്ഛന്റെ അച്ചൻ മരിച്ച രാത്രി പുതുക്കാട് സീജി തീയറ്ററിൽ പോയിരുന്നു സെക്കന്റ് ഷോ സിനിമ കണ്ട ചരിത്രം.എനിക്കത് കേട്ടാ കലിയാരുന്നു.

ഒരിക്കൽ എനിക്കിതു കേട്ട് പിടിച്ചാ കിട്ടാത്ത ദേഷ്യമങ്ങു വന്നു അതത്രക്കു വല്ല്യ കര്യാമൊന്നുമല്ല ചെറ്റത്തരമാണ് എന്ന് പച്ചക്കു പറയുകയും ചെയ്തു എല്ലരുടേം മുന്നിൽ വെച്ച്.കേട്ടവരൊക്കെ ഞെട്ടിയെങ്കിലും അന്ന് പുള്ളി എന്നെ നോക്കി ഒരു ചിരി ചിരിച്ചാരുന്നു.

പിന്നൊരു ദിവസം അങ്ങനെ ഒരു രാത്രി എന്നെയും തേടി എത്തി.അച്ഛന്റെ അത്രേം ചങ്കൂറ്റം ഒന്നുമില്ലാത്ത ഞാൻ അഭയം തേടിയത് രണ്ട് പെഗ്ഗ് മദ്യം നൽകിയ ഉറക്കത്തിലാരുന്നു.പുറത്തു നിർത്തി ഇട്ടിരുന്ന കാറിന്റെ ഉള്ളിൽ കയറി രണ്ടെണ്ണം വിട്ട് അല്ലലില്ലാതെ ഞാനതിൽ തന്നെ കിടന്നുറങ്ങി.കുടിച്ചതിൽ എനിക്ക് കുറ്റബോധമില്ല പക്ഷെ എങ്ങനെ എനിക്കുറങ്ങാൻ കഴിഞ്ഞു എന്നോർക്കുമ്പൊഴെല്ലാം പച്ചക്കു പറഞ്ഞാൽ ഒരുളുപ്പ് .

ഇന്നേക്ക് ആ രാത്രി കഴിഞ്ഞു പത്തു വർഷങ്ങൾ.പത്തു വർഷങ്ങൾക്കിപ്പുറവും അച്ഛന്റെ ആ പഴയ ചിരി മറന്നുറങ്ങാൻ ഒന്നും എന്റെ സഹായത്തിനെത്തുന്നില്ലല്ലൊ

ഏതായാലും എന്റ്റെ മകനെ കേൾപ്പിക്കാൻ എനിക്കുമുണ്ട് പോട്ടെ പുല്ല് എന്നും പറഞ്ഞ് രണ്ടെണ്ണം വിട്ട് കയറി കിടന്നുറങ്ങിയ ഒരു രാത്രിയുടെ കഥ.

ചെറ്റത്തരമാണത് എന്ന് വിളിച്ചു പറയുന്ന അവനെ നോക്കി എനിക്കും ഒന്നു ചിരിക്കണം അവനെന്നും ഓർക്കേണ്ട ഒരു ചിരി

12 comments:

  1. ഇനി ഈ മകനും പറയാനുണ്ടാവും ഇതുപോലൊരു കഥ ..അല്ലേ

    പത്താം വാർഷികത്തിൽ അച്ഛനെ സ്മരിച്ചത് നല്ലൊരു പാശ്ചാതാപത്തിൻ കുറിപ്പോടെ തന്നെ..കേട്ടൊ വിനൂസ്
    പിന്നെ
    എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    ReplyDelete
  2. പശ്ചാത്താപം നിറഞ്ഞ ഈ ഓര്‍മ മാത്രം മതിയല്ലോ, അച്ഛന് സ്വര്‍ഗത്തിലിരുന്നു സന്തോഷിക്കാന്‍....

    ReplyDelete
  3. അച്ഛനെ പൂര്‍ണ്ണമായി മനസ്സിലാക്കണമെങ്കില്‍ അച്ഛനാകേണ്ടിയിരിക്കുന്നു..Happy new year!

    ReplyDelete
  4. കാര്ന്നോനരു പറഞ്ഞതിനു അപ്പുറം വേറൊരു കമന്റില്ല.
    പുതുവല്സര ആശംസകള്‍

    ReplyDelete
  5. ഹും, അങ്ങനെ പല കാര്യങ്ങളും.
    പുതുവത്സരാശസകള്‍.

    ReplyDelete
  6. സ്നേഹമുള്ള അച്ഛന്റെ സ്നേഹമുള്ള മകനാണ് വിനു. അതുകൊണ്ടാണ്‌ അച്ഛനെ കുറിച്ച് ഇങ്ങിനെ എഴുതാനും പറയാനും സാധിക്കുന്നത്. കുറേ നാളിന്റെ ഗ്യാപ്പിനു ശേഷം ബൂലോകത്തേയ്ക്ക് തിരിച്ചു വന്നതില്‍ സന്തോഷം.

    ReplyDelete
  7. ചിലപ്പോഴങ്ങനെ ആണ് മാഷേ...
    എന്റെ ശരി.. നിന്റെ തെറ്റ്...
    പിന്നെ, കാലത്തിന്റെ കളികളും...

    ReplyDelete
  8. പിതാവിന്റെ ഒര്‍മ്മകളിലൂടെയുള്ള ഒരു പോസ്റ്റ്‌ തന്നെയാണ്‌ ഞാനും ഇത്തവണ ഇട്ടിരിയ്ക്കുന്നത്‌..
    അച്ഛന്റെ ഓര്‍മ്മകള്‍ക്ക്‌ ആശംസകളോടെ..

    ReplyDelete
  9. ടച്ചിങ്ങ്..
    അച്ഛനെയറിഞ്ഞ ഈ മനസ്സ് കണ്ട് മുകളിലിരുന്ന് അദ്ദേഹം സന്തോഷിക്കുന്നുണ്ടാവും.അനുഗ്രഹിക്കുന്നുണ്ടാവും..

    നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു..

    ReplyDelete
  10. കാലം യാഥാർത്ഥ്യം കാണിച്ചുതന്നു :)

    ReplyDelete
  11. vaayikkaan nannu. valare. enkilum kashtamayi poi. dukham palarkkum varika pala maathiri aakanam. ingane aaku ennillallo. athranne.

    ReplyDelete