Wednesday, May 12, 2010

തലമുറ വിടവ് അഥവാ ജനറേഷൻ ഗ്യാപ്പ്

അൽ‌പ്പം പുരാണം

ഈയടുത്ത കാലത്ത് എന്റെ ജീവിതത്തിൽ ചെറിയൊരു മാറ്റം സംഭവിച്ചു (ശ്ശൊ അതല്ലന്നേ ആയിരുന്നേ അപകടം സംഭവിച്ചൂ എന്നല്ലേ ഞാൻ പറയൂ വെറുതെ കാട്കയറാതെ)സംഭവം എന്താച്ചാൽ പ്രവാസത്തിന്റെ പ്രസക്തിയും ജോലിയോടുള്ള ആസക്തിയും ഒരുപോലെ നഷ്ട്ടപ്പെട്ടതോടെ രണ്ടാമതൊന്നാലോചിക്കാതെ വിസയും ക്യാൻസലടിച്ച് ആദ്യം കിട്ടിയ ഒമാനെയറിന്റെ വിമാനത്തി കയറി ഞാനങ്ങിരുന്നു അവരെന്നെ നെടുമ്പാശ്ശേരിയിൽ കൊണ്ടിറക്കി വിടുകേം ചെയ്തു .ഇടക്ക് അതിലെ ഹവ്വ ചേച്ചി റെഡ് ലേബലും ബിയറും ഒക്കെ ഉന്തികൊണ്ട് വന്നെന്നെ പ്രലോഭിപ്പിച്ചെങ്കിലും ഞാൻ വീണില്ല ഉറക്കം നടിച്ചു കണ്ണും പൂട്ടി കിടന്നു.ഒരു വർഷത്തിനു ശേഷം വീട്ടീകയറുമ്പൊ വെറുതെ എന്തിനാ. എനിക്കുള്ളത് പൊതിഞ്ഞ് തരീ പെങ്ങളേ വീട്ടീ കൊണ്ടോയി കഴിച്ചോളാം പറയണംന്ന്ണ്ടാരുന്നു നടപ്പും പടുതീം കണ്ടപ്പൊ വേണ്ടെന്നു വെച്ചു .ഒന്നു ബാംഗ്ലൂർ വരെ പോയ മട്ടിൽ ആരോടും പറയാതെ വീടെത്തിയ എന്നെ കണ്ടതും വിലങ്ങി പോയ അമ്മയുടെ ശ്വാസം തിരിച്ചു പിടിച്ചിടാൻ എനിക്കൊരൽ‌പ്പം കഷ്ട്ടപ്പെടേണ്ടി വന്നു .

ഒരു കൊല്ലമേ ആയിട്ടുള്ളു എന്നതു കൊണ്ടാവും എനിക്ക് വല്ല്യ കിരുകിരിപ്പൊ തരിതരിപ്പോ തോന്നിയില്ല പറമ്പും പാടവും പുഴയും പൂക്കളും മരങ്ങളും മഴയും ഒക്കെ മിസ്സ് ചെയ്യാൻ പണ്ടും ഞാനതോന്നും അത്ര ശ്രദ്ധിച്ചിട്ടില്ല ഗൾഫിലിരിക്കുമ്പൊ നൊസ്റ്റാൾജിയ തോന്നിയത് രണ്ടുമൂന്ന് കാര്യങ്ങളിൽ മാത്രം ഇട്ടാവട്ട സ്ഥലത്തൂടെ വെട്ടിച്ചും തെറ്റിച്ചും ഒക്കെയുള്ള ബൈക്ക് ഓടിക്കൽ പിന്നെ ഒരു പ്ലാനിംഗും ഇല്ലാതെ കുത്തു ചവിട്ടും ഇടിയും കാഴ്ച്ചകളും ബഹളങ്ങളും ഒക്കെയായുള്ള ദീർഘ ദൂര യാത്രകൾ പിന്നെ ബാർ മുതലാളി വരെ ഒരു കൈലി ഒക്കെ ഉടുത്ത് സമ്പൂർണ്ണ സോഷ്യലിസത്തിൽ വന്നിരുന്നടിക്കണ സീഗോ ബാർ പിന്നെ ഒഫ്കോഴ്സ് കളേഴ്സ് ഓഫ് കേരളാ/ഇന്ത്യാ. തന്നേന്ന് ഇതുവരെ ഗൾഫിൽ പോവാത്ത ചേട്ടന്മാരുടെ അറിവിലേക്ക് പറയാലൊ ലോകത്തിലെ അറു ബോറൻ കാഴ്ച്ച എന്നു പറയുന്നത് നല്ല ...............പെമ്പിള്ളേര്(അവനവന്റെ അഭിരുചിക്കനുസരിച്ച് മുകളിലെ ഗ്യാപ്പ് ഫിൽ ചെയ്യുക അങ്ങനിപ്പൊ കേട്ട് സുഖിക്കണ്ട )നമ്മുടെ ഭാവനക്ക് പോലും ഒരവസരം തരാതെ മുഖമൊഴിച്ച് ബാക്കിയൊക്കെ നല്ല കറുത്ത തുണിയിട്ട് മൂടി പൊതിഞ്ഞ് മുന്നിൽ വന്നു നിക്കണതാണ്.പെരുമഴക്കാലത്തിൽ മീരാജാസ്മിനെ നനച്ച പോലത്തെ ഒരു മഴ പെയ്തിരുന്നേലെന്ന് വല്ലാതങ്ങാശിച്ചു പൊകും ചില നേരത്ത് അതിനാ കോപ്പിലെ സ്ഥലത്ത് എവടെ മഴ പെയ്യാനാ.

ഇനി വർത്തമാനം

അപ്പൊ ഇപ്പൊ സ്വസ്ഥം വീട്ടിലിരുപ്പു മ്രുഷ്ട്ടാന്ന ഭോജനം സുഖം വല്ല്യ തട്ടുകേടില്ലാതെ ദിവസങ്ങൾ കുറേ അങ്ങു പോയി അതിനിടയിൽ അനിയൻ ഗൾഫീന്നു വന്ന വകയിൽ പെങ്ങളോടി അടുത്തുള്ള ഡ്യൂട്ടി പേയ്ഡ് ഷോപ്പിൽ ചെന്ന് കുറച്ചധികം കാശങ്ങു പൊടിച്ചു എന്നിട്ട് ഞാൻ കൊണ്ടു വന്നതാന്നും പറഞ്ഞ് അവളുടെ വീട്ടിൽ കൊണ്ട് പോയി കൊടുത്തു.എനിക്കു നാണമില്ലെന്നു കരുതി അവൾക്കതു വയ്യാത്രെ കലികാലം ന്നല്ലാണ്ട് എന്താ പറയാ.ഗതികേടിനു ഞാ‍നവിടെ ചെന്നപ്പൊ അളിയന്റെ വക ഒരു പ്രശംസ

നീ കൊണ്ടന്ന ആ സ്ലേയിറ്റ് കലക്കീണ്ട്ട്ടാ

പെങ്ങടെ കഥകളി മുദ്ര എന്നെ തേടി വന്നപ്പഴക്കും ഏത് സ്ലേയിറ്റ് എന്ന ചോദ്യം ഞാൻ പൂറത്തുവിട്ടിരുന്നു.ഓ ലതോ ഞാനങ്ങു മറന്നു അല്ലേലും ഞാൻ വാങ്ങിച്ച മോശാകുവോ

ഏതായാലും അളിയന് സംഗതി മണത്തു.എന്നാ പിന്നെ നിനക്കിട്ടൊരു പണി തന്നിട്ടേ ഉള്ളൂ എന്ന ദുരുദ്ദേശത്തിൽ 5 വയസ്സുകാരൻ ലിറ്റിൽ മോൺസ്റ്ററിനെ വെക്കേഷൻ കഴിയണ വരെ നിന്റെ കൂടെ നിർത്തിക്കൊ പറഞ്ഞ് വീട്ടിലേക്ക് പാക്ക് ചെയ്തു .ചെറുക്കനു ടാറ്റ കൊടുക്കുമ്പൊ ഇപ്പൊ കരയും എന്ന അളിയന്റെ ഫേസ് കട്ട് കണ്ട് ഞാൻ മനസ്സീ പറഞ്ഞു പോയി

അളിയോ നായകൻ ഞാനാണേലും നല്ല നടനിപ്പഴും അളിയൻ തന്നാ(കട: വീണ്ടും ചില വീട്ടുകാര്യങ്ങൾ)

ഒന്നുള്ളതിനെ ഒലക്കക്കടിക്കണം എന്ന കാര്യത്തിൽ കാരണവേഴ്സിനാർക്കും സംശയല്ല്യാ എന്നാ പെങ്ങൾക്കുള്ള ഒരെണ്ണത്തിനെ എങ്ങനെ കൈകാര്യം ചെയ്യണംന്ന് ആർക്കും പിടിയില്ല എനിക്കുമില്ല ദോഷം പറയരുതല്ലോ മിനിമം ഒരു ടെലഫോൺ പോസ്റ്റിനേലും അടിക്കേണ്ടതാണ് കയ്യിലിരുപ്പ്

ഒരുദിവസം ഏതോ സ്വപ്നത്തിന്റെ വിരൽതുമ്പിൽ തൂങ്ങി നിനവിനും നിന്ദ്രക്കുമിടയിലെവിടെയോ പാറികളിച്ചിരുന്ന എന്നെ അമ്മ തട്ടി വിളിച്ചു.നോക്കുമ്പൊ എവിടെയോ പോകാൻ റെഡിയായുള്ള നിപ്പാ

ടാ ഞാൻ പെൻഷൻ മേടിക്കാൻ പോകുന്നു കൊച്ചിവിടുണ്ട് നോക്കണം പിന്നെ സുരേഷ് ഗോപി മോഹൻലാൽ നെടുനീളൻ ഡയലോഗ്ഗ്കളോട് കട്ടക്കു നിക്കുന്ന ഒരരമണിക്കൂർ നിർദ്ദേശങ്ങൾ എന്റെ ഉറക്കം പോയി കിട്ടി

അവൻ പിന്നെ പോഗോയും കാർട്ടൂൺ നെറ്റ്വർക്കും ഉണ്ടേൽ അതിനു മുമ്പിൽ ഇരുന്നോളും.ശ്രദ്ധ തിരിയാതിരിക്കാൻ മുൻ കരുതൽ എന്ന നിലയിൽ അത്യാവശ്യം വെള്ളവും ബിസ്ക്കറ്റും ഒക്കെ അടുത്ത് വെച്ചു കൊടുത്ത് ഞാൻ പതുക്കെ സ്വപ്നത്തിന്റെ കൈവിട്ട തുമ്പ് പിടിക്കാൻ പോയി.അപ്പഴാണാ കൊടും ചതി കറന്റ് പോയി ഷട്ട്ഡൌൺ.വൈകിയില്ല ഒരു പത്തു കിലോ വന്നെന്റെ മേലേക്ക് വലിഞ്ഞു കയറി ഇനി രക്ഷയില്ല .ഞാനെഴുന്നേറ്റ് അവന്റെ കളിസാധനങ്ങളുടെ പെട്ടി കൊണ്ട് വന്നു നിലത്തിക്കു ചൊരിഞ്ഞു കാറും ബസ്സും തോക്കും ഒക്കെ ഉള്ള ഒരു വൻ ശേഖരം.അമ്മയും അച്ഛനും ജോലിക്കു പോയാ പിന്നെ കൂട്ടിനുണ്ടായിരുന്ന ഒരു സുലുചേച്ചിം ഒരു നീല കാറും ഓർമ്മകളുടെ അങ്ങേ അറ്റത്തെവിടെയോ ഉണ്ട് നൂലിൽ പിടിച്ചു വലിച്ച് വിട്ടാ മുന്നിലേക്കോടുന്ന കാറ് അന്നത്തെ 5 വയസ്സുകാരന് വല്ലാത്ത കൌതുകമായിരുന്നു .പക്ഷെ ഇന്നിപ്പൊ ഇവനെന്തെ ഇതിലൊന്നും കൌതുകം തോനാത്തെ.പലപ്പഴും എന്റെ ആഗ്രഹങ്ങൾക്കു മുന്നിൽ വീണുടഞ്ഞിരുന്ന അച്ഛന്റെ നെടുവീർപ്പുകളിലെ ആ മനസ്സിലാവായ്ക എനിക്കിപ്പൊ കൂടുതൽ ഇഴപിരിഞ്ഞു കിട്ടുന്നു.ആശിച്ചത് കയ്യിൽ വെച്ച് തന്നതിന് ശേഷമുള്ള നനുത്ത ചിരിയിലെ ആഴങ്ങൾ കൂടുതൽ വ്യക്തമാവുന്നു

അപ്പൊ പറഞ്ഞു വന്നത് ഞാൻ ടോയ്സൊക്കെ അവനു മൂന്നിൽ നിരത്തി വെച്ചു.എവടെ അവനു ബഹു പുച്ഛം ഈ കൂതറ ടോയ്സൊക്കെ വെച്ച് കളിക്കാൻ ഞാനെന്താ ഇള്ള കൊച്ചാന്നാ മാമൻ കരുതണേ എന്ന നിലപാടാണവന്റെ നോട്ടത്തിൽ അവനു റിയൽ ടൈം ഐറ്റംസ് മതി മൊബയിൽ സിഡി പ്ലേയർ ലാപ്പ്ടോപ്പ് റിമോട്ട് കത്രിക കത്തി ബാറ്ററി അങ്ങനെ പോകുന്നു .എത്ര മുന്ത്യ സാധനായാലും ശെരി അരമണിക്കൂറിനുള്ളിൽ തല്ലിപ്പൊളിച്ചു കറക്റ്റായി പരിപ്പെടുത്ത് മാറ്റി കയ്യീ കൊണ്ടു തരും ഇതൊന്നു ശെര്യാക്ക്യേന്നും പറഞ്ഞ്.അക്ഷരം കൂട്ടി വായിക്കാൻ നേരെ ചൊവ്വേ പഠിച്ചിട്ടില്ല എന്നാലും കളിക്കുടുക്കേം ചിത്രകഥയുമൊന്നും അവനു പോരാ ബുക്ക്ഷെൽഫിൽ വലിഞ്ഞു കയറി ഒരു പുസ്തകം വലിച്ചെടുക്കും കുറച്ചു കഴിയുമ്പൊ അതു നാലു പീസായി കെടക്കണ കാണാം

ഞാൻ ലാപ്പ്ടോപ്പിനു മുമ്പിൽ കൊണ്ടിരുത്തി മഞ്ചാടി കാട്ടിലെ കണ്ണൻ എന്നൊക്കെ പറയുന്ന പിള്ളേരുടെ സീ ഡി ഇട്ടു കൊടുത്തു അതും പുല്ലു വില.അറ്റ കൈക്ക് ഞാൻ അപ്പൊ കയ്യിലിരുന്ന കാക്കാ കാക്കാ സിനിമ ഇട്ടു കൊടുത്തു അത്യാവശ്യം കൊല്ലും കൊലയും കത്തികുത്തും വെടിവെപ്പും ഒക്കെ ഉണ്ട് അവന്റെ ടേസ്റ്റിനു പറ്റും ആദ്യത്ത പാട്ടിൽ തന്നെ വീണു വളരെ രസിച്ചു കണൂന്നു.ജ്യോതികയും സൂര്യയും കൂടി കടൽക്കരയിൽ കിടന്നു പ്രകടനമാണ് കുറച്ചു കഴിഞ്ഞ് അവന്റെ ഡയലോഗ് വന്നു

ദേ വിനുമാമനും പെണ്ണും കൂടി ഇങ്ങനെ കടലീപ്പോയി ഡാൻസൊക്കെ കളിക്കണംട്ടാ

കർത്താവെ എന്റെ സങ്കൽ‌പ്പത്തിൽ പോലും ഇല്ലാത്ത പെണ്ണിനെ ആണ് തലയും വാലും ഇല്ലാത്ത ഉടുപ്പുമിട്ട് കടലിൽ ഡാൻസ് ചെയ്യാൻ കൊണ്ടു പോണം പറയണത്!!കശ്മലൻ.എന്റെ മനസ്സറിഞ്ഞ പോലെ ഭാഗ്യത്തിൻ ലാപ്പിന്റെ ചാർജ്ജ് തീർന്നു പിന്നെ അവനും ഞാനും കൂടി രസകരമായ ഒരു 5 മണിക്കൂർ എന്റമ്മോ.അങ്ങനെ ക്യ്യു നിന്ന് ക്ഷീണിച്ച് വന്ന അമ്മയും കിടപ്പിലായി ചെറുക്കനെ നോക്കി ഞാനും കിടപ്പിലായി

പിറ്റേന്നാണ് ഞാനാ ഞെട്ടിക്കുന്ന വാർത്ത കേട്ടത് പെൻഷൻ കിട്ടിയില്ല ഇന്നു പിന്നേം പോണം ചെറുക്കനെ കൂടീ കൊണ്ടോണം എന്നായി ഞാൻ.നീണ്ട സന്ധി സംഭാഷണങ്ങൾക്കൊടുവിൽ ട്രഷറീൽക്ക് ചെക്കു തരാം അവിടെ പോയി ഞാൻ മാറിയെടുക്കണം എന്ന ഫോർമൂല ഉരുത്തിരിഞ്ഞു

എടാ അത്യാവശ്യം വല്ല്യ ക്യൂ കാണൂം തിരക്കുകാണും ഒരുപാട് നേരം നിൽക്കണം നിനക്കു മടുക്കും പിന്നെ അവസാനം എന്നെ ചീത്ത പറയരുത് അമ്മ ജാമ്മ്യമെടുത്തു

ഹും ഇതിനും വല്ല്യ പെരുനാളു വന്നിട്ട് വാപ്പ പള്ളീ‍ പോയിട്ടില്ല പിന്നാ എന്നും പറഞ്ഞ് ഞാൻ ചെക്കു വാങ്ങി പോക്കറ്റിലിട്ടു ബിവറേജസിന്റെ ക്യ്യുവിൽ പൊരിവെയിലത്ത് നിന്നിട്ട് മടുക്കാത്തതിന്റെ ആത്മവിശ്വാസം മാത്രമാണ് കൈമുതൽ.ട്രഷറി എന്ന പ്രോഗ്രാം ലോഡ് ചെയ്തു വണ്ടിയെടുത്ത് .

ട്രഷറിയിൽ എത്തി ക്യ്യു കണ്ടു പിടിച്ചു നിന്നു.ഞാൻ വിചാരിച്ചതിലും നീളമുണ്ട് വേറെ ഏതോ ലോകത്ത് ചെന്നു പെട്ട ഒരു ഫീലിംഗ്.ഒരു പ്രീ കേ ജി ക്ലാസ്സിൽ കയറി ചെന്ന അവസ്ഥ പിള്ളേരൊക്കെ ഒരു 60 വയ്സ്സായവരാന്നുള്ള വിത്യാസം മാത്രം.കാക്കകൂട്ടിൽ കല്ലിട്ട പോലെ ബഹളമയം.ഒറ്റ വരിക്യൂ ഒന്നുമല്ല ചിലയിടത്തൊക്കെ മൂന്നു നാലു പേരു കൂടി നിന്ന് സമ്മേളനമാണ് എടക്കു ചിലർ പരിചയക്കരെ വിളിച്ചു കയ്റ്റുന്നു എടയിൽ കയറിയതിനു പിന്നീന്ന് അപ്പ്ഴക്കും ആക്രോശം ചീത്ത വിളി എന്നു വേണ്ട ആകെ പുകില്.

സത്യം പറഞ്ഞ അതിന്റെ നടുവിൽ ചെന്നു പെട്ടപ്പൊ കാലത്തിൽ നിന്നു പെട്ടന്നു തെറിച്ചു പോയ ഒരനുഭവം.മറ്റൊരു തലമുറയുടെ പ്രകടനം അർമാദം അതിനിടയിൽ അറിയാതെ ചെന്ന് പെട്ട ഞാൻ.സത്യത്തിൽ ഒരു പ്രായം കഴിഞ്ഞാ മനുഷ്യമ്മാര് അവനവന്റെ ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക് മടങ്ങി പോകും എന്നു പറയണത് ശെരിയാണ് തോനുന്നു ചീത്തവിളിയും ബഹളവും ഒക്കെ ഉണ്ടങ്കിലും അതൊന്നും ആരുടെയും മനസ്സിൽ തട്ടണില്ല.മനപ്പൂർവ്വം വേദനിപ്പിക്കാനായി ആരും ഒന്നും ചെയ്യണില്ല.അവരിൽ ഗസറ്റഡ് മുതൽ ലാസ്റ്റ് ഗ്രേഡ് വരെ ആളുകളുണ്ട്.സത്യത്തിൽ ആ ലോകമെന്നെ കുറച്ച് അസൂയപ്പെടുത്തി വല്ലാതെ അമ്പരപ്പിച്ചു ഇനിയും പറഞ്ഞാ ഞാൻ കാടു കയറും.അവിടുള്ളവരെല്ലാം ഇങ്ങനെയാണ് എന്നർഥമില്ലാട്ടൊ തീർച്ചായായും ഇതിൽ പെടാത്തവരുണ്ട് എന്നാലും ബഹുഭൂരിപക്ഷവും ഞാൻ പറഞ്ഞ രീതിയിലാണ്

എന്ത് ചേയ്യാനാ ഒരബദ്ധം പറ്റിപോയി മാഷമ്മരെ ടിച്ചർമാരെ എന്നൊരു ഭാവം മുഖത്തൊട്ടിച്ചു ഞാൻ നിന്നു .എടക്കു ചില അമ്മച്ചിമാർ എന്നെ ചാടി കടന്നു മുന്നിലുള്ള ഗ്രൂപ്പിൽ ചേരും എന്നിട്ട് എന്നെ ഒന്നു നോക്കും എന്താടെ പ്രശ്നം വല്ലതും..? ഇറ്റ്സ് മൈ പ്ലെഷർ എന്ന സ്റ്റൈലിൽ കുറച്ചു നേരം ഞാൻ പിടിച്ചു നിന്നു.ഒരു മണിക്കൂറു കഴിഞ്ഞും ക്യൂവിൽ ഞാൻ മാത്രം നിന്നിടത്തു നിന്ന് കര്യമായി പുരോഗമിച്ചിട്ടില്ല.എന്റെ സാമൂഹ്യ ബോധത്തിന്റെ അസ്ഥിവാരം ഒക്കെ ഇളകി തുടങ്ങി ഒരാൾ കൂടി എന്നെ മറികടക്കാൻ ഒരു ശ്രമം നടത്തുന്നു അതിനകം ഡീസൻസി കളഞ്ഞ ഞാൻ അവരെ ഒരു നോട്ടത്തിൽ കോർത്ത് പൊരിച്ചെടുത്തു.അവരൊന്നടങ്ങി

പിന്നേം ഒരു 2 മണിക്കുറു കഴിഞ്ഞു ദേ വരണൂ സുന്ദരിമണികളായ രണ്ടു കോളേജ് പിള്ളേര് ഏതോ അഡ്മിഷൻ ഫോമിന്റെ മറ്റൊ ചലാനടക്കുക എന്നതാണ് അവതാരോദ്ദേശ്യം.ഞാൻ നിക്കുന്ന ക്യൂവിന്റെ അപ്പുറത്തണ് അതിന്റെ കൌണ്ടർ.ക്യൂവിന്റെ ഇടയിൽ കയറണം അടക്കണമെങ്കിൽ മീറ്റിംഗും ചാറ്റിംഗും ഒന്നുമില്ലതെ ഒതുങ്ങി നിക്കുന്ന എന്നെ കണ്ടപ്പൊ നേരെ എന്റ്ടുത്തു വന്നു

ചേട്ടാ പെൻഷനല്ല ചെലാനടക്കാനാ ഒരിത്തിരി വഴി തന്നാ ഞങ്ങളിതടച്ചിട്ടു പൊക്കോളാം.ഞാനൊന്നു തല്ലിക്കോട്ടെ ചോദിച്ചാ പോലും ആ മുഖത്തു നോക്കി ആ‍രും വേണ്ടാ പറയില്ല .ഞാൻ ശകലം ഒതുങ്ങി നീന്നു രണ്ടു പേരും എന്റെ മുന്നിൽ കയറി നിന്നു

അപ്പൊ പൂറകീന്നു ഒരു വായ്ത്താരി എല്ലാരും കേൾക്കാൻ പരുവത്തിന്

മോനെ ഞങ്ങളേ അരി അടുപ്പത്ത് വെച്ചിട്ടു വന്നു നിക്കണതാട്ടൊ പോയിട്ടു വേണം വാർക്കാൻ.ചുമ്മാ രണ്ട് പെമ്പിള്ളേരു വന്ന് ഇളിച്ചു കാട്ടൂമ്പഴക്കും ഇങ്ങനെ ഉരുകി ഒലിക്കാതെ.വയസ്സായ ഞങ്ങളേക്കാൾ പഞ്ചാര അയിരിക്കൂലോടാ നിന്റെ ചോരേല്.ഹാളിലൊരു കൂട്ടച്ചിരി എന്റെ ചിലവിൽ

ഞാൻ നിന്ന നിപ്പിലു വിയർത്തു ഞാനവരെ ദയനീയമായി നോക്കി

നിങ്ങടെ വീട്ടിലും ഇല്ലേ അമ്മച്ചീ ഒരു മൂത്തു നരച്ച(ക്രോണിക്ക് )ബാച്ചിലർ

ഞാൻ പെങ്കൊച്ചിന് നേരെ തിരിഞ്ഞു കണ്ണുകൾ തമ്മിലിടഞ്ഞു അങ്ങനെ ജീവിതത്തിലാദ്യമായി ആഴമേറിയ രണ്ട് കരിനീലമിഴികളിൽ നിന്ന് ഞാനത് വായിച്ചെടുത്തു

സോറി ചേട്ടാ ഞാൻ കാരണം......ഹൊ മനസ്സിലൊരു വേനൽ മഴ പെയ്തൊഴിഞ്ഞ സുഖം(സാധാരണ വ്രുത്തികെട്ടവൻ നോക്കുന്ന കണ്ടില്ലേ ..ഇവനൊന്നും പെണ്ണൂങ്ങളെ കണ്ടിട്ടില്ലേ എന്നൊക്കെയാണ് വായിച്ചെടുക്കാറ്)

സാരമില്ല അനിയത്തി ഇതെന്റെ നിയോഗമാകുന്നു എന്റെ തപസ്യ നീ നിന്റെ ലക്ഷ്യത്തിലേക്കു നടന്നടുക്കുക ഈ മുള്ളുനിറഞ്ഞ പാതകൾ നിന്റെ കാലടികളെ വേദനിപ്പിക്കാതിരിക്കട്ടെ (അയ്യോ ഞെട്ടണ്ട ഒ വി വിജയന്റെ കഥാസമാഹാരം വായിച്ചതിന്റെ ഹാങോവർ ഇത്ര ദിവസായും മാറണില്ല )

ഏതായാലും അതോടെ എന്റെ ദേഷ്യം കുറഞ്ഞു പിന്നിലെ അമ്മച്ചിക്കു ഞാൻ മാപ്പു കോടുത്തു

കുറച്ചു കഴിഞ്ഞപ്പൊ വീണ്ടും പിന്നിലവരുടെ ശബ്ദ്ധം

അല്ല പീറ്ററേട്ടാ നിങ്ങളിന്നു വൈകീലോ വാ ഇങ്ങു കയറി നിക്കൂ അതോടെ പീറ്ററേട്ടനും വരിക്കുള്ളിലായി

ഞാനവരെ ഒന്നു തിരിഞ്ഞു നോക്കി.അവർ പറയാൻ മുട്ടി നിൽക്കുന്നത് ഏകദേശം ഈ വാക്കുകളാണ്

ഒന്നു പോടാ‍ ചെക്കാ അവൻ നോക്കി പേടിപ്പിക്കാൻ വന്നേക്കണ് നിന്നെ പ്പോലെ അഞ്ചാറ് തലതിരിഞ്ഞതുങ്ങളെ പറു പറു പറൂന്ന് പ്രസവിച്ച് വളർത്തി വലുതാക്കിയതാ പിന്നാ.ഒരിക്കൽ കൂടി നോക്കാൻ ധൈര്യം കിട്ടീല്ല അവരു ചിലപ്പൊ അത് ശബ്ദ്ധമായി ട്രാൻസ്മിറ്റ് ചെയ്താ ഞാൻ വീണ്ടും നാറും .

അങ്ങനെ 4 മണിക്കുർ ക്യൂ നിന്നു ഞാൻ കൌണ്ടറിലേത്തി ചെക്കു കോടുത്തു അതു വാങ്ങി തിരിച്ചും മറിച്ചും നോക്കി കാഷ്യറുടേ ഒരു ചോദ്യം ഇതാരുടെ ചെക്കാ ചേട്ടാ ..

അമ്മയുടെ പെൻഷൻ ചെക്കാ കാർന്നോരെ(കാർന്നോരു വിളി സൈലന്റാ കേട്ടോ )

എന്നാ ചേട്ടനൊരു കാര്യം ചെയ്യൂ അമ്മയോടിതൊന്നു ഒപ്പിട്ടു തന്നയക്കാൻ പറയൂ .എന്റെ തലയിൽ ഒരു വെള്ളിടി വെട്ടി ഞാൻ തലേ കൈവെച്ചു നിക്കുമ്പൊ പിന്നിലൊരമ്മയുടെ വാത്സല്യ ശകാരം

എന്തുന്നാ മോനേത് വീട്ടിന്നിറങ്ങുമ്പഴേ ഇതൊക്കെ നോക്കണ്ടേ ഇത്രേം നേരം ഈ തെരക്കില് നിന്നതൊക്കെ വെർത്യായില്ലേ? അവരെ നന്ദിയോടെ ഒന്നു നോക്കി ഞാനിറങ്ങി എനിക്കു മുമ്പുള്ള തലമുറയേയും എനിക്ക് മനസ്സിലാവണില്ലല്ലോ എന്ന ഖേദത്തോടെ

പിന്നെ നിന്നില്ല നേരെ വീട്ടിൽ പോയി ചെക്കെടുത്ത് മേശപുറത്തിട്ട് ഒപ്പിന്റെ കാര്യം പറഞ്ഞ് രണ്ടു പാന്റും ഷർട്ടും ബാഗിലെടുത്തു വെച്ചു ഞാൻ റെഡിയായി.അതെ ഞാൻ ബാംഗ്ലൂർ പോകുന്നു നാളെ ഒരു ഇന്റർവ്യൂ ഉണ്ട്

ഇതെവിടന്നാ പെട്ടന്നൊരു ഇന്റർവ്യൂന്നു ചോദിക്കാൻ സമയം കൊടുക്കാതെ ഞാനിറങ്ങി .

കഥാ(വ)ശേഷം

1.ക്ഷമക്ക് ഒരു നോബൽ സമ്മനമുണ്ടെ നിർബന്ധമായും വല്ല അങ്കണവാടി ടീച്ചർമാർക്കു കൊടുക്കണം അല്ലേ രണ്ടിൽ കൂടുതൽ ഇത്തിരി കുഞ്ഞമ്മാരുള്ള അമ്മമാർക്ക് കൊടുക്കണം എന്റമ്മോ(ഈ പോസ്റ്റ് വയിച്ചവർക്ക് വേണന്ന് പറയരുത് തരില്ലാ )

2.ഈ മിഡ്ഡിൽ ഏജ് ബ്ലൂസ്സ് എന്നു പറയുന്നതിൽ വല്ല്യ കഥയില്ല കുറച്ചു പേർക്കെങ്കിലും വാർദ്ധക്യം ഉതസവത്തിന്റെ കാലമാണ്

3.പ്രവാസം തന്ന്യാരുന്നൂ നല്ലത്