Monday, January 18, 2010

അപരിചിതർക്കായി ചില പ്രാർഥനകൾ

ഞാന്‍ പ്രീ ഡിഗ്രി പഠിക്കുന്ന കാലം.ജീവിതത്തിന്റെ വഴിത്തിരിവാണ് ചക്കയാണ് മാങ്ങയാണ്‌ എന്നൊക്കെ പറഞ്ഞ് ചെവി തിന്നുതീര്‍ക്കാന്‍ മത്സരം ആണ് അച്ഛനും അമ്മയും.സ്കൂളിന്റെ പടി കാണാത്ത അപ്പൂപ്പന്മാര് വരെ കണ്ടാ ചോദിക്കും എന്തായടാ ഇത്തവണ എന്ട്രന്‍സ് കിട്ടില്ലേ?.പ്രായം നോക്കാതെ തന്തക്കു വിളിക്കാന്‍ തോനുന്ന സന്ദര്‍ഭം.അമ്മക്ക് അന്ന് പത്താം ക്ലാസ്സ് പേപ്പര്‍ വാല്യ്‌വേഷൻ ഉണ്ട് ഒരുപാട് തമാശകള്‍ കേള്‍ക്കാന്‍ സ്കോപ്പുണ്ട്.തിരിച്ചു വന്നു ഇത് ചായയുടെ കൂട്ടത്തില്‍ പലഹാരം ആയി വിളമ്പിയാലെ അമ്മക്ക് സമാധാനം ഉള്ളു .അങ്ങനത്തെ ഒരു ദിവസം അമ്മക്ക് അന്ന് പതിവുള്ള ഒരു ഉഷാറില്ല മൌനം ആണ്

ഹ്മ് എന്ത് പറ്റി ഇന്നൊരു വൊൾട്ടേജ് കുറവ് ?

എടാ ഈ വർഷം എവടേലും ഉരുള്‍പൊട്ടി ഒരുപാട് പേര് മരിച്ചിരുന്നൊ ?

ഞാനൊന്ന് ഞെട്ടി ബയോളജി ടെക്സ്റ്റ്‌ ബുക്ക്‌ ഒഴിച്ച് വേറേ ഒരു വകയും തലയില്‍ കയറ്റില്ല എന്ന് വാശി ഉള്ള കൂട്ടത്തില്‍ ആണല്ലോ.

ഇപ്പൊ എന്നാ പറ്റി ഒരു പൊതു വിജ്ഞാന ദാഹം?

അതല്ലടാ ഇന്ന് ഒരുത്തന്റെ പേപ്പറില്‍ ഉള്ളിലെ പേജ് മുഴുവന്‍ കഥ ആയിരുന്നു. ഉരുള്‍പൊട്ടി വീട് പോയി അച്ഛന്‍ മരിച്ചു അമ്മയുടെ നടുവ് ഒടിഞ്ഞു പെങ്ങളെ കാണാതായി എല്ലാം നഷ്ട്ടമായി പഠിക്കാന്‍ പറ്റിയില്ല എന്നെ ജയിപ്പിക്കാന്‍ ഉള്ള മാര്‍ക്ക്‌ ഇട്ടു തരണം എന്നൊക്കെ പറഞ്ഞ്. മഷി ഇട്ടു നോക്കിട്ടും 10 മാര്‍ക്ക് ഇട്ടു കൊടുക്കാന്‍ ഒരു വഴിം ഞാന്‍ കണ്ടില്ല

ഹ അത് ചുമ്മാ നമ്പര്‍ അല്ലെ എന്റെ ടീച്ചറേ അതിനാണോ ഈ മൂഡ്‌ ഔട്ട്

അതല്ലടാ പിന്നത്തെ പേജില്‍ അവന്‍ പടം വരച്ചു വെച്ചിരിക്കുന്നു

പിന്നെന്താ പടത്തിന് ഒരു 10 മാര്‍ക്ക് കൊടുക്കാമല്ലോ

ഹ നീ ചുമ്മാ തോക്കില്‍ കയറാതെ. ആദ്യത്തെ പേജില്‍ അവന്‍ കസേരയുടെ മുകളില്‍ കയറി ഫാനില്‍ കുരുക്കിടുന്ന പടം അടുത്ത പേജില്‍ കുരുക്കു കഴുത്തില്‍ ഇടുന്ന പടം അടുത്തതില്‍ കസേര വീണു കിടക്കുന്നു അവന്‍ തൂങ്ങി നിക്കണ പടം. താഴെ ഇങ്ങനേം ഇതിന്റെ ഉത്തരവാദി ടീച്ചര്‍ ആവരുത് .എനിക്കറിയാം ഇ പേപ്പറില്‍ ജയിക്കാന്‍ ഉള്ള മാര്‍ക്ക്‌ ഇടാന്‍ വഴിയില്ല എന്ന് എന്നാലും ദൈവം പോലും ശിക്ഷിച്ച എന്നെ രക്ഷിക്കാന്‍ ടീച്ചര്‍ക്ക്‌ മനസ്സ് ഉണ്ടാവണം .ഞാന്‍ എന്നും ടീച്ചറിനു വേണ്ടി പ്രാര്തിക്കും.

അമ്മയുടെ സൌണ്ട് കുറയുന്നത് കേട്ടപ്പഴേ എനിക്ക് മനസ്സിലായി എന്തായിരിക്കും ചെയ്തിരിക്കുക എന്ന്. ഒന്ന് കുടയാന്‍ കിട്ടിയ ചാന്‍സ് അല്ലെ മുതലാക്കാം എന്ന് ഞാനും കരുതി .അമ്മയുടെ ഏറ്റവും വല്ല്യ വീക്നെസ് ആണ് ജോലിയും അതില്‍ ഒരു പുലിയാണ് എന്ന വിചാരവും.എങ്ങാനും ഏതേലും പൂര്‍വ്വ വിദ്യാര്‍ഥിയുടെ കത്തോ ഫോണോ വന്നാല്‍ പിന്നെ ഒന്നും പറയണ്ടാ കോളാണ് ചരിത്രം പറഞ്ഞ് കൊലവിളിക്കും എങ്കിലും അന്ന് എന്ത് ചോദിച്ചാലും കിട്ടുന്ന ദിവസമാണ്

ഓ അത് വെറുതെ പറ്റിക്കാൻ പറഞ്ഞതല്ലേ അമ്മ മാര്‍ക്കൊന്നും ഇട്ടു കൊടുക്കാഞ്ഞത് നന്നായി

ഇങ്ങനെ എല്ലാവരും ഓരോ കഥയും ആയി വന്നു ജയിക്കാന്‍ ഉള്ള മാര്‍ക്ക്‌ വാങ്ങ്യാല്‍ പിന്നെ ഞങ്ങളെ പോലെ കഷ്ടപ്പെട്ട് ജയിക്കണവര്‍ക്ക് എന്താ ഒരു വില

എങ്ങാനും ജയിപ്പിച്ചു വിട്ടിരുന്നേൽ ‍ അമ്മ വല്ല്യ ഒരു മണ്ടത്തരം ചെയ്തേനെ

ഓരോ ഡയലോഗിലും മുഖം കുനിഞ്ഞു കുനിഞ്ഞു വരുന്നു

ഹ പോട്ടെ അവനൊന്നും അങ്ങനെ ജയിക്കാന്‍ പാടില്ല.അമ്മ കുറച്ച് അവില് നനക്ക് എനിക്ക് വിശക്ക്ണു

അല്ലടാ ഞാന്‍ 10 മാര്‍ക്ക് ഇട്ടു കൊടുത്തു പാവം പറഞ്ഞത് ഒക്കെ സത്യാവും എനിക്കുറപ്പാ

എന്തുട്ട് ?അമ്മക്കെന്താ ഭ്രാന്താ വെറുതെ ജയിപ്പിക്കേ ഒരാളെ.ഞാന്‍ ഒരു നാടകനടന്റെ ശൈലി കടം എടുത്തു അമ്മ എന്ത് അന്ന്യായ കാണിച്ചെ ?

അതോടെ അമ്മയുടെ കണ്ട്രോളിന്റെ നെല്ലി പലക വീണു.നീ അങ്ങനിപ്പോ എന്നേ ചോദിയ്ക്കാന്‍ ആയിട്ടില്ല്യ ഞാന്‍ എനിക്ക് ശെരി തോന്നീത് ചെയ്തു അവന്‍ ചോദിക്കാൻ‍ വന്നിരിക്കണ്.

ടീച്ചര്‍ എന്റെ മുന്നില് ഒരു കുട്ടിയായി.

ഇന്ന് ചായേം ഇല്ല്യ പലഹാരോം ഇല്ല്യ ഞാന്‍ കിടക്കാന്‍ പോണു എന്നെ വിളിക്കേം വേണ്ട എന്നിട്ട് കാറ്റ് പോലെ ഒരു പോക്ക് .

ഞാന്‍ അത്രേം പ്രദീക്ഷിച്ചില്ല കളി കാര്യമായി.വെറുതേ ഒരു ചെകുത്താൻ കാരണം ഇന്നത്തെ ചായേം മുടങ്ങി എനിക്കും ഇത്തിരി സങ്കടം വന്നു .

ഒരു 9 മണി ആയപ്പോ അച്ഛന്‍ കയറി വന്നു .അമ്മയുടെ മൂഡ്‌ മുമ്പേ മനസ്സിലാക്കുന്ന എന്തോ ടെലിപ്പതി പുള്ളിക്കരന്റെല് ഉണ്ട് തൊനുനൂ അങ്ങനത്തെ ദിവസം കറക്റ്റ് സോപ്പിടാന്‍ എന്തേലും കയ്യിലുണ്ടാവും.കയറി വന്ന പാടെ മുറിയില്‍ ഒന്നും ലൈറ്റ് ഇല്ല അടുക്കളയില്‍ ആളും ഇല്ല അപകടം മണത്തു നേരെ എന്റടുത്തു വന്നു

ഇന്നെന്താടാ കേസ് പിള്ളേര് ടീച്ചറെ തല്ലിയോ അതോ ടീച്ചറ് പിള്ളേരെ തല്ല്യോ ?

ഞാന്‍ കാര്യത്തിന്റെ കിടപ്പ് വശം പറഞ്ഞ്

നിന്നെ കൊണ്ട് തോറ്റല്ലോടാ വായിലെ നാവു നിനക്ക് ഒന്ന് അടക്കി വെക്കരുതൊ ഇശ്വര ഇന്ന് ഞാൻ അടുക്കളയിൽ കയറണൊ.ശെരി ഞാന്‍ ഡാമേജ് കണ്ട്രോള്‍ തുടങ്ങാന്‍ പോകുന്നു മര്യാദക്ക് കൂടെ നിന്നോണം ഇല്ലേ ഇന്ന് ചോറും ഇല്ല്യാ നിനക്ക്.

അച്ഛന്‍ അകത്തു ചെന്നൂ.ഇന്നെന്താ ഇവടെ തീനും കുടിയും ഒന്നുല്ല്യേ ?.എടീ ഇങ്ങു വന്നെ ഞാന്‍ കല്ലുമ്മക്കായ പാര്‍സല്‍ കൊണ്ട് വന്നിട്ടുണ്ട്.കല്ലുമ്മക്കായ എന്നു കേട്ടതോടെ ടീച്ചർ ഊണുമുറിയിൽ ഹാജരായി

ഇന്നെന്താ പ്രശ്നം അത് പറയു ?അമ്മ കാര്യം പറഞ്ഞു .ഉടനെ വിളി ഡാ നീ ഇങ്ങു വന്നെ.ഞാന്‍ ചെന്ന്

നീ ഇന്ന് അമ്മയെ ഇട്ടിപ്പിടി കാട്ടി പറയ്ണ്ണ്ടല്ലൊ.ത്ര്പ്പുത്രൻ പറഞ്ഞാ കേൾക്കില്ല്യാന്നുള്ളത് പോട്ടേ പോരാത്തതിന് ചോദ്യം ചെയ്യാ കളിയാക്കാ.നീ അത്ര വല്ല്യാളാവണ്ടാ ക്ഷമ പറയടാ

അതല്ലച്ചാ ഞാനമ്മ മണ്ടത്തരം ചെയ്തു എന്നേ പറഞ്ഞുള്ളൂ

കഴുതേ നിന്നെ പോലെ പഠിക്കാതെ തല തിരിഞ്ഞ് നടക്കണ മകനുള്ള ഏതൊരമ്മയും അങ്ങനേ ചെയ്യൂ.അമ്മ ചെയ്തതിൽ‍ എന്താടാ തെറ്റ് പറ

തെറ്റൊന്നുല്ല്യ എന്നാലും

എന്തുട്ട് എന്നാലും ഇനി മിണ്ട്യാ നീ മേടിക്കും.ആ ചെറുക്കൻ എഴുതിയത് സത്യം തന്ന്യാ ഉരുൾപൊട്ടിയത് ഒരുപാടു പേര് മരിക്കുവേം ചെയ്തു .ആര്‍ക്കും നഷ്ട്ടല്ല്യാതെ ഒരു ജീവൻ രക്ഷിച്ചതില്‍ ഒരു തെറ്റൂല്ല്യ അതിന്റെ പുണ്യം ഒന്നുല്ലേലും നിനക്ക് കിട്ടും അല്ലേ ടീച്ചറേ

അമ്മയുടെ മുഖത്ത് ഒരു 7 തിരി വിളക്കിന്റെ വെട്ടം ഞാനും കുറച്ചില്ല ശകലം നെയ്യ് തന്നെ ഒഴിച്ചു ഹൊ അങനാണേല് അവന്റെ പ്രാർഥന മാത്രം മതി നമ്മളെല്ലാം സ്വർഗ്ഗത്തീ പോകാൻ അതോടെ സംഭവം ശുഭം.

ടാ ഞാൻ ചായ വെക്കട്ടെ ഇന്ന് കുടിച്ചില്ല്യാലൊ ? ഇനിപ്പൊ ചായ വെണ്ടാ എനിക്കു വിശക്ക്ണു

നാഴികക്ക് നാപ്പതു വട്ടം പൊയിരുന്ന് പഠിക്കടാന്ന് മാത്രം പറയണ അമ്മ പിന്നെ പറഞ്ഞ ഡയലോഗിൽ എന്റെ ബൊധം പൊയി

“ എന്നാ ഒരു അര മണിക്കൂര്‍ രണ്ടും പോയി ടീ‍ വി കാണ് അപ്പഴക്കും ഫുഡ്ഡ് റെഡി“.

ഒരു വര്‍ഷം കഴിഞ്ഞു എന്ട്രന്‍സ് ഒന്നും പാസ്സ് ആവാതെ തൊപ്പിയിട്ട എന്നേ പിടിച്ചു അച്ഛന്‍ എഞ്ചിനീയറിംഗ് ന് ചേര്‍ത്തു കാശ് കൊടുത്ത്.ഞാന്‍ നോക്കിയപ്പോ പ്രീ ഡിഗ്രി മാര്‍ക്ക് വെച്ച് എനിക്ക് ആകെ കിട്ടുക ബി എസ്സി മാത്സ് അല്ലേ സ്റ്റാറ്റി ഹോ എന്തായാലും മാത്സ് പഠിക്കാതെ രക്ഷപെട്ടല്ലോ എന്നായിരുന്നു ആശ്വാസം പക്ഷെ ആ ആശ്വാസത്തിന് അധികം ആയുസ്സില്ലാര്‍ന്നു ഡൊണേഷൻ‍ കൊടുത്തു സിലബസ്സ് കയ്യില്‍ കിട്ട്യപ്പോ ഞാന്‍ ഞെട്ടി ആകെ എട്ടു സെമസ്റ്റർ അതില്‍ 5 ലും മാത്സ് അപ്പഴേ അച്ഛന്റെ ഒന്നര ലക്ഷം കട്ടപ്പൊക എന്ന് മനസ്സിലായി .ഞാന്‍ പറഞ്ഞു നോക്കി അച്ഛ ഈ കോളേജ് എന്തോ എനിക്കിഷ്ട്ടായില്ല നമുക്ക് ഒരു വർഷം കൂടി ഒന്ന് ശ്രമിച്ചിട്ട് ചേര്‍ന്ന പോരേ എവടെ കേക്കാന്‍ ആര്‍ക്കു പോയി അച്ഛന് പോയി.

ക്ലാസ്സ്‌ തുടങ്ങി എല്ലാവരും എന്ട്രന്‍സ് ഒക്കെ പാസ്‌ ആയി വന്ന പുലികള്‍ അല്ലെങ്കിൽ എഞ്ചിനീയര്‍ ആയില്ലേ തൂങ്ങിച്ചാകും എന്നു പറഞ്ഞ് കാശു കൊടുത്തു ചേര്‍ന്ന പുലികള്‍ എന്റെ റേയ്ജിൽ‍ ആരും ഇല്ല .രണ്ടാം ദിവസം തന്നെ ഒരുത്തന്‍ വന്നു ചോദിച്ചു

വാട്ടീസ് എഞ്ചിനീയറിംഗ് മീന്‍സ്‌ ഫൊർ യൂ? ഓരോരുത്തരായി പറയുന്നു എനിക്കങ്ങട് പലതും മനസ്സിലായില്ല ചില നിരൂപണം വായിച്ചാ തൊന്നണ പോലെ എല്ലാം വല്ല്യ വല്ല്യ കാര്യങ്ങളാ പക്ഷെ വാലും ഇല്ല തുമ്പും ഇല്ല.എന്റെ ഊഴം വന്നു എനിക്ക് പണ്ടേ വല്ല്യ വര്‍ത്താനം ഇഷ്ട്ടല്ല ഞാന്‍ കാര്യം പറഞ്ഞു

"ഫോര്‍ മി എഞ്ചിനീയറിംഗ് ഈസ്‌ മൈ ഫാദേർസ് 1.5 ലാക്സ് ആന്‍ഡ്‌ എ ഡിഗ്രി" .നാളത്തെ എഞ്ചിനീയര്‍മാരെ കണ്ട് കുളിരു കോരി ലമ്പമായി നിന്ന സാറിന്റെ രോമങ്ങൾ എല്ലാം അതോടെ ഒറ്റയടിക്കു സമാന്തരമായി എന്റെ ശെനിദശയും തുടങ്ങി

അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയി മറ്റെല്ലാ വിഷയവും എക്സാമിനു മുമ്പുള്ള ഒരു 48 മണിക്കൂറില്‍ കുത്തി ഇരുന്നു ഒരു കര പറ്റിച്ചു പക്ഷെ കണക്ക് മാ‍ത്രം എന്റെ കണക്ക് കൂട്ടൽ തെറ്റിച്ചു. അങ്ങനെ നാലാം വർഷം മൊത്തം 5 മാത്സും കിടപ്പുണ്ട് ജയിക്കാന്‍ .ഇതിനിടയില്‍ ജയിക്കാന്‍ പല വഴിയും നോക്കി പേപ്പര്‍ ചേസിങ്ങിന് വരെ കാശു കൊടുത്തു നടന്നില്ല .

ഇനി കളിച്ചാല്‍ പിടുത്തം വിടും പ്രീ ഡിഗ്രീ മാത്രം ആവും കയ്യില്‍ എന്ന് ഓർമ്മ വന്നത് അവസാന സെമ്മിലാ.പിന്നെ ഇരുന്നു മാത്സ് പഠിക്കാന്‍ ഞാനും നമ്പർ 10 AS ബീഡിയും മാത്സും മാത്രമായ ഉറക്കമില്ലാത്ത രാത്രികള്‍.കാലത്ത് നാലു വർഷം ജൂനിയർ ആയവന്റെ അടുത്ത് വരെ പോയി ഇരുന്ന് സംശയങ്ങൾ തീർക്കും.കാലത്തും ഉച്ചക്കും എന്ന രീതിയില്‍ അടുത്തടുത്താണ് എല്ലാ മാത്സും വരിക എന്നാലും എഴുതി


അവസാനം റിസള്‍ട്ട്‌ വന്നു.ഫസ്റ്റ് മാത്സ് മാത്രം വിജയകരമായി പൊട്ടി .അതിലാണേല്‍ എനിക്ക് ഇന്റെര്‍ണല്‍ മാര്‍ക്ക്‌ വെറും 7 സാധാരണ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ ഒരിക്കലും 15 ൽ കുറയില്ല പിന്നെ ജയിക്കാന്‍ 35 മാര്‍ക്ക്‌ വാങ്ങിയാല്‍ മതി.ഒരു 30 നു മുകളിൽ കിട്ട്യാല്‍ പാസ്‌ ആക്കി വിടുകയും ചെയ്യും പക്ഷെ എനിക്കു ജയിക്കണേൽ 43 തികച്ചും വേണം കിട്ടിയത് 35 മാർക്ക്.

പാസ്സായില്ല എന്ന് അമ്മയോട് പറഞ്ഞാ സഹിക്കില്ല പോരാത്തതിന് അച്ഛനാണേൽ ജയവും തൊൽവിയും ഒന്നും ഇല്ലാത്ത ലോകത്ത് എത്തി.അങ്ങനെ ഞാന്‍ അമ്മയുടെ മുന്നിലും നാട്ട്കാരുടെ മുമ്പിലും പാസ്സായി കൊയമ്പത്തൂര് തന്നെ ഒരു കമ്പനീൽ ട്രെയിനീ ആയി ജോലിക്ക് കയറി ആദ്യത്തെ 6 മാസം സാലറി കമ്മിയാണ് അത് കഴിഞ്ഞ മുറ്റാണ് നേരത്തെ പറഞ്ഞ പോലെ അമ്മക്ക് ലോകത്തിന്റെ സ്പന്ദനം ജന്തുശാസ്ത്രം മാത്രമായതു കൊണ്ടു കാര്യങ്ങൾ എനിക്കു വളരെ എളുപ്പം.അങ്ങനെ വീട്ടില്‍ പറയതെ ഞാന്‍ അവിടെ തന്നെ നിന്ന് മാത്സ് പഠനം തുടര്‍ന്നു. അത്യാവശ്യം പ്ലേയ്സ്മെന്റ് തരികിട ഒക്കെ ആയി ചോറിനും മറ്റും കാശു ഒപ്പിച്ചു.എന്നാലും തീരെ പട്ടിണി ആയ വീട്ടില്‍ ചെല്ലും പേഴ്സ് എടുത്ത് മേശപ്പുറത്ത് ഇടും തിരിച്ചു പൊകുമ്പൊ എന്നൊട് പറയാതെ തന്നെ അമ്മ വെച്ച 500 ന്റ് നോട്ടുകൾ ഉണ്ടാകും അതിൽ.

അങ്ങനെ വീണ്ടും മാത്സ് പരീക്ഷ എത്തി എനിക്ക് ജയിച്ചെ മതിയാകു എഞ്ചിനീയര്‍ ആവാനല്ല പക്ഷെ അമ്മയെ ഫേസ് ചെയ്യാൻ എനിക്ക് ജയ്യിക്കണം.ഞാന്‍ അത്യാവശ്യം പഠിച്ചിട്ടുണ്ട് ജയിക്കാതിരിക്കാന്‍ വഴി ഇല്ല.പേപ്പര്‍ കണ്ടപ്പൊ എന്റെ മനസ്സ് തകര്‍ന്നു ഇതുവരെ കണ്ടതിൽ‍ ഏറ്റവും ടഫ് അയ പേപ്പര്‍.അപ്പൊ തന്നെ പഠിച്ചത് പലതും മറന്നു .എഴുതി കഴിഞ്ഞു ഞാന്‍ കണക്കു കൂട്ടി 35 കിട്ടനുള്ളത് ഉണ്ട് പക്ഷെ 43 കിട്ടാന്‍ വഴി ഇല്ല .ഇനി ഒരിക്കല്‍ കൂടി ഈ പേപ്പര്‍ എഴുതാന്‍ വയ്യ പിന്നെ മനസ്സില്‍ ഒന്നേ വന്നുള്ളൂ അത് താഴെ പേപ്പറീന്റെ മൂലയിൽ കുറിച്ചു

"ഡിയര്‍ സര്‍ ഫോര്‍ ലാസ്റ്റ് ഫ്യു ഇയേർസ് യൂ ആർ ഗിവിംഗ് മി 35 മാര്‍ക്സ് ആന്‍ഡ്‌ ഐ അം വെരി മച്ച് താങ്ക്ഫുൾ ഫോര്‍ ദാറ്റ്‌ ബട്ട് മൈ ഇന്റെര്‍ണല്‍ മാര്‍ക്ക്‌ ഈസ്‌ ഒണ്‍ലി 7.സൊ മാര്‍ക്ക്‌ നീഡെഡ് റ്റു പാസ്സ് 43.ലാസ്റ്റ് ചാൻസ് ഹെല്പ് മി .മൈ പ്രയേർസ് വില്‍ ബി വിത്ത്‌ യു ആൾവേയ്സ്“

എഴുതി കഴിഞ്ഞു നേരെ ബാറില്‍ പോയി വയറു നിറയുന്ന വരെ കുടിച്ചു.പഴയ ഓര്‍മ്മകള്‍ പഴയ എന്റെ തന്നെ വാക്കുകള്‍ തികട്ടി വരുന്നു അവനൊന്നും അങ്ങനെ ജയിക്കാന്‍ പാടില്ല.അവനവനോട് തന്നെ പുച്ഛം തോനുന്നു.6 മാസം ഉണ്ടാക്കിയ നോട്ടും ടെക്സ്റ്റ്‌ ഉം ഒക്കെ അവടെ തന്നെ ഒരു പയ്യന് കൊടുത്തു ഇത് നീ എടുത്തോ അവനൊന്നും മനസ്സിലായില്ല.

ഒരു മാസം കഴിഞ്ഞു റിസൾട്ട് വന്നു.മാർക്കിന്റ് കോളത്തില്‍ 50.എക്സ്റ്റേർണൽ കറക്ക്റ്റ് 43.നെറ്റിൽ റിസൾട്ട് വായിച്ച് ഞാൻ വീടെത്തി.ആ വർഷം ആ പരീക്ഷയിലെ പാസ്സ് പേർസ്ന്റേജ് വെറും 28.സന്തൊഷം പങ്കുവെക്കാൻ ആളില്ലാ.അമ്മയെ കണ്ടതും കണ്ണ് നിറഞ്ഞു .

നിന്നൊട് ഞാൻ ഒരു നൂറു പ്രാവശ്യായി പറയ്ണു ഇങനെ സ്പ്പീഡില് വണ്ടി ഓടിക്കരുത്ന് നോക്ക് കണ്ണ് വരെ നിറഞ്ഞിരിക്ക്ണു

അത് കള നമുക്ക് നാളെ ഗുരുവായൂരു പോണം.അമ്മ ഞെട്ടി എന്താപ്പൊ ഒരു ഭക്തി അല്ലേ വിളിച്ചാ വരാത്തവനാണല്ലൊ.

ഒരു പ്രാർഥനയുടെ കടം എന്ന് ഞാൻ പറഞ്ഞില്ല.