മുന്‍ കുറിപ്പ് : എന്റെ ബ്ലോഗ് അവതാരത്തിന്റെ തലതൊട്ടപ്പനും ഗുരുവും ആയ ഷിബു ചേട്ടന് (ആദ്യാക്ഷരി)ദക്ഷിണ വെച്ച് ,ഈ ബ്ലോഗ് ലോകത്തിൽ ബ്ലോഗി തെളിഞ്ഞ എല്ലാ വീര ശൂര പരാക്രമി വേലുത്തമ്പി ബ്ലോഗ്ഗെർമാരെയും മനസിൽ
ധ്യാനിച്ച് ,അയച്ച മെയിലിനു റിപ്ലയ് തന്ന് ഈ ലോകത്തിന്റെ സൌഹൃദം കാണിച്ച് ഇനിക്കും വേണം ഇതുകൂട്ട് ഒരെണ്ണം എന്ന് തോന്നിപ്പിച്ച നിങ്ങളിൽ ചിലരെ നന്ദിയോടെ സ്മരിച്ച് ഞാൻ എന്റെ ആദ്യത്തെ പോസ്റ്റിനു തറക്കല്ലിടുവാണ് വെറും തറ ആയി പോയാൽ സദയം ക്ഷമിക്കുക
കാലം തൊണ്ണൂറുകളുടെ മദ്ധ്യേ എന്ന് പറഞ്ഞാ കറെക്റ്റ്ടു 1995 ഞാനന്ന് ടീനേജ് മേശപ്പുറത്തിരുന്ന്‍ രണ്ട് ഓണം ഉണ്ട്കഴിഞ്ഞു .ജാതി മത പ്രായ വിത്യാസം ഇല്ലാതെ എല്ലാ ക്ടാങ്ങളും നോക്ക്ണത് എന്നേ ആണല്ലോ ദൈവമേ എന്ന തകർക്കാൻ പറ്റാത്ത വിശ്വാസം ഉള്ള കാലം(ഇപ്ഴും അങ്ങനെ തന്നേയ് കേട്ടോ)അന്നെന്റെ സമകാലീന സുഹൃത്തുക്കള്‍ക്ക് ആർക്കും ഇല്ലാത്ത ഒന്നെനിക്കുണ്ട് എന്റെ "ടി വി എസ് സ്കൂട്ടി"ഒരു പതിനാലു വയസ്സുകാരന്റെൽ ഒരു മോട്ടോർ വാഹനം!
അങ്ങനെ ഞാൻ ഒരു സംഭവം ആയി മാറാൻ കാരണം പ്രാര്‍ത്ഥിക്കാന്‍ മുട്ടുമ്മ നിക്കുമ്പൊ മാത്രം സത്യക്രിസ്ത്യാനി ആവാൻ കഴിവ് നേടിയ ഒരു മത്തായി ആയിരുന്നു
കൊടുക്കാനുള്ള കാശിനു വഴി ഇല്ലാതെ പകരം ഒരു സ്കൂട്ടി അപ്പന്റെ തലയിൽ കെട്ടിവെക്കുമ്പൊ ഇരിഞാലക്കുടക്കാരന്‍ അച്ചായന്റെ ഡയലോഗ് ഏകദേശം ഇങ്ങന്യാര്നു
" ഇങ്ങള് ഇതങ്ങ്ട് കൊണ്ടക്കോ ന്നട്ട് ന്നെ വിട്"
ഇതുവരെ ഒരു വണ്ടിടെ ഹാന്റിലിൽ പോലും തൊടാത്ത അപ്പൻ പറഞ്ഞു "മത്തായേ എന്ക്കീ പണ്ടാരം ഓടിക്കാൻ അറിയണ്ട്രാ"
"ഇതിലിപ്പോ എന്തുട്ടാ അറിയാൻ ഇങ്ടാ നോക്കിയെ ഇത് ആക്സിലേറ്റര്‍ ഇത് പിന്നില്‍ക്കാ തിര്ച്ചാ വണ്ടി മുന്നിൽക്കാ പൂവും,പിന്നിതു ബ്രെയ്ക്ക് പിടിച്ചൊരു ഞെക്ക് അത്രന്നേ വണ്ട്യാ നിക്കും ഇതിലിപ്പോ എന്തുട്ടാത്ര അറിയാൻ" മത്തായീടെ സുവിശേഷം.
കേട്ടപ്പോ അപ്പന്റെ കണ്ണ് ബള്‍ബായി സ്പോട്ടില് കച്ചോടം ഉറപ്പിച്ചു ഒറ്റ കണ്ടിഷനില്‍
"നീ എന്നെ ഒന്ന് വീട്ടിലെത്തിക്കണം"
മത്തായിക്ക് അപ്പനെ വീട്ടിലല്ല എവടെ എത്തിക്കാനും എന്ത് മടി അങ്ങനെ സ്കൂട്ടി വീട്ടിൽ എത്തി.ഒരുദിവസം അപ്പൻ തുടച്ചും മിനുക്കിം ഒക്കെ ഇരുന്നു പിറ്റെന്ന് രാത്രി കൂമനും കാലൻ കൊഴിം പുട്ടടിം ചാറ്റിങ്ങും ഒക്കെ കഴിഞ്ഞു ഉറങ്ങിയ സമയം നോക്കി അപ്പനും മോനും ലോക്കല്‍ ഗാർഡിയൻ ഗുരുവയൂരപ്പനേം വിളിച്ച് ഇറങ്ങി വണ്ടി ഓടിക്കാൻ.
വണ്ടി ഉന്തി വീടിന്റെ കുറച്ചപ്പ്രം കൊണ്ടു ചെന്ന് നിർത്തി.
"അപ്പാ നമ്മക്ക് ഗ്രൌണ്ടില് പോയി ഓടിച്ചു നോക്ക്യ പോരെ" എനിക്കൊരു ശങ്ക
"നീ ഒന്ന് പോടാ അവടന്ന് നീ കണ്ടോ" അപ്പനൊരു സംശയോമില്ല.
അപ്പൻ കേറി ഇരുന്നു.ബ്രെയ്ക്ക്,ലൈറ്റ്,ഹാന്‍ഡില്‍,ഇന്ഡിക്കേറ്റര്‍,ചോക്ക് (ഭാഗ്യത്നു അത്രേ പുറത്തു കാണാന്‍ പറ്റു)എന്നിവ സൂക്ഷ്മം പരിശോധിച്ചു മൊത്തത്തില്‍ വണ്ടി രണ്ടു കുലുക്ക് കുലുക്കി "കൊള്ളാം"എന്ന് ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൊടുത്തു.
"ക്ലച്ച് ഏതാ ബ്രേക്ക് ഏതാന്നറിയാത്ത പുള്ളിയാ,അപ്പാ റേഡിയേറ്ററ്ല് വെള്ളം നോക്ക്യാ ചോദിച്ച അതെവ്ട്യ് ഇരിക്കണേ ചോദിക്കണ മൊതലാ കൊള്ളാം ത്രേ ദൈവങ്ങളെ" ഞാൻ മനസ്സി വിളിച്ചു.
ദ്രാവിഡ് ബാറ്റിങ്ങ്നു ക്രീസില് വന്നു നിന്ന പോലെ അങ്ങട് ചെരിയുന്നു ഇങ്ങട് ചെരിയുന്നു പിന്നെ നാലഞ്ചു സ്ട്രെച്ചിംഗ്ഗ് അവസാനം വാം അപ്പ് കഴിഞ്ഞ് അശരീരി വന്നു.
"ഡാ നി ഓണാക്കിയെ"
"എന്തുട്ട് " ഞാന്‍ ഒന്ന് ഞെട്ടി
"ഡാ പോത്തേ സ്റ്റാര്‍ട്ടാക്കാന്‍"
ഈശ്വര ഈയുള്ളവന്‍ ഒരു വിധത്തില്‍ സ്റ്റാര്‍ട്ട് ആക്കി കൊടുത്തു
ധൂംല് ജോണ്‍ എബ്രഹാം യമ്മഹേമെ ഇര്ന്ന് മ്മടെ ബച്ചന്‍ ക്ടാവിനെ നോക്കണപോലെ അപ്പൻ എന്നെ ഒരു നോട്ടം കണ്ട്രാ ശ്ശവി ലൈനില്‍ പിന്ന മത്തായി പറഞ്ഞ പോലെ ആക്സിലേറ്റര്‍ പിടിച്ചു ഒരു കറക്കം.
ദേ പോണ് വണ്ടി
നേരെ കിടക്കണ റോഡില് ഒരു രണ്ടു മൂന്ന് "സ"വരക്ക്ണതു ഞാൻ കണ്ടു പിന്നെ കണ്ണ് തുറക്ക്ണത് "പടോ"ന്നു ഒച്ച കേട്ടപ്പ്ഴ.കഷ്ട്ടി ഒരു 200 വാര അകലെ അപ്പനൊരു പോസ്റ്റുമ്മ പേസ്റ്റ് ആയി നിപ്പുണ്ട് വണ്ടി ഒരു മീറ്റര്‍ അപ്രത്തും.
ഹാവൂ ഗ്രൌണ്ടിൽ പോവാഞ്ഞത് നന്നായി എന്ന് എനിക്കും തോന്നി ചാടി പിടിക്കാൻ അപ്പന് ഒരു പോസ്റ്റെങ്കിലും കിട്ടീലൊ.
ഞാൻ ഓടി ചെന്ന് ഒരു കണക്കിന് അപ്പനെ പോസ്റ്റുമ്മന്ന് അടര്‍ത്തി നിലത്തിരുത്തി പറയത്തക്ക പരിക്കുകൾ ഒന്നും കാണാനില്ല
അപ്പന്റെ കണ്ണിലിപ്പൊ ധൂമിലെ ജോൺ അബ്രഹാമിനു പകരം മഴത്തുള്ളികിലുക്കത്തിലെ കൊച്ചിൻ ഹനീഫയാണ്.
മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണത് പോലെ നോട്ടം വളരെ ദയനീയം. ഇരുന്ന ഇരിപ്പിൽ അപ്പൻ മത്തായീനെ തലങ്ങും വിലങ്ങും പ്രാകി പെണ്ണൂമ്പിള്ളയെ കെട്ടിപിടിച്ച് ഉറങ്ങണ മത്തായി ഞെട്ടി എണീറ്റുകാണണം.
അപ്പൻ അങ്ങാടി തോറ്റാലും അമ്മേടെ അടുത്ത് തോറ്റാലും ഈയുള്ളവന്റെ പുറത്തോട്ടാണു കയറാറു പതിവ് ഞാൻ അരോഗ്യകരമായ അകലം പാലിച്ചു നിന്നു പക്ഷെ മേല് നോവിന്റെ ചൂടാറും മുൻപെ അപ്പൻ പറഞ്ഞു
"ഞാന്‍ പണ്ടു സൈക്കിള്‍ ചവിട്ടു പഠനം നിർത്തീത് ഇങ്ങനെ ഒരു വീഴ്ചേലാരുന്നു ഇനി ഇ പണ്ടാരം നീ ഓടിച്ച മതി ഞാന്‍ പുറകിലിരുന്നൊളാം "
കാലത്ത് അമ്മച്ചി എണീറ്റ് വരുമ്പോ കാണണത് അപ്പനേം പിന്നിലിരുത്തി നെഞ്ഞും വിരിച്ചു ഒടിക്ക്ണ എന്ന്യാ
"നിങ്ങള് എന്തുട്ടാ മനുഷ്യാ ലൈസന്‍സ് ഇല്ലാത്ത ചെറുക്കനെ പഠിപ്പിക്കാന നട്ട പാതിരക്ക് പോയത് ?" അമ്മച്ചിക്ക് അപ്പന് പകരം ഞാന്‍ ഓടിക്ക്ണത് അങ്ങ് സഹിച്ചില്ല്യ.
"വണ്ടി എനിക്ക് പോരാന്ന് എരീല്ല്യ ഗിയറും ഇല്ല്യ എനിക്കോടിക്കാൻ വല്ല്യ വണ്ടി ഒരെണ്ണം വാങ്ങാം എന്താ" എന്നും പറഞ്ഞ് അപ്പൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ആയ്കോട്ടെ അവര് ഭാര്യേം ഭര്‍ത്താവും അതീ തലയിടാന്‍ ഞാനാര് എന്ന സ്റ്റൈലില്‍ ഞാനും നിന്നു.
"അല്ലേലും മന്ഷ്യാ നിങ്ങടെ ബോഡി ഷേപ്പ്നു നല്ലത് എന്‍ഫീല്‍ഡ് തന്നേണ്" അമ്മച്ചി റൊമാന്റിക് ലൈനില് ഒരു കാച്ച് അപ്പനോന്നു ഞെട്ടി.എന്‍ഫീല്‍ഡ് ആയിരുന്നെ അപ്പന്റെ ബോഡി ഷേപ്പ്നു വന്നിരിക്കാവുന്ന മാറ്റം ആലോചിച്ചപ്പോ അമ്മച്ചിയാണേ എനിക്ക് കരച്ചില് വന്നു.
പിന്നെ ഒരു രാജകലയുടെ നാളുകള്‍ അയല്‍വക്കത്ത് ജനനം,മരണം,പ്രസവം,പച്ചകറി വാങ്ങല് എന്തിനും ഞാനും എന്റെ വണ്ടിയും റെഡി.ചില വീടിന്റെ മുമ്പില്‍ മാത്രം എന്റെ സ്കൂട്ടി കൂടുതല്‍ നേരം പാര്‍ക്ക് ചെയ്തു കാണാം എന്നൊരു കുപ്രചരണം ഉണ്ടാര്നു(അസൂയാന്നു)
അപ്പന് എന്തിനും ഏതിനും ഞാൻ വേണം.വണ്ടി ഓടിച്ചു നെഞ്ഞും വിരിച്ചു ഞാൻ മുന്നിലും കഷ്ട്ടപെട്ടു നടു കുനിച്ചു ബാക്കിലെ കമ്പീലു പൊത്തിപിടിച്ച് അപ്പനും.ഇടക്ക് അമ്മച്ചിനേ വെട്ടിച്ച് പൂരം കാണാൻ,അപ്രത്തെ ഡേവിസ് ടാക്കിസ്ല് സിനിമ കാണാൻ അതും ഒട്ടും സെലെക്ടിവ് ആവാതെ ഒരിക്കെ കരിമ്പന കാണാൻ എന്നേം കൊണ്ടു പോയതിന് അമ്മച്ചി ഞങ്ങളെ അത്താഴ പട്ടിണിക്കിട്ട് അങ്ങനെ അങ്ങനെ ഒരുപാടു കാലം.
വണ്ടി ഓടിക്ക്നതിന്റെ രസമൊക്കെ കുറഞ്ഞപ്പോ ഞാൻ ആലോചിക്കാന്‍ തുടങ്ങി ഇങ്ങോര്‍ക്കിതോന്നു പഠിച്ചൂടെ എന്നെ വെറുതെ ബുദ്ധിമുട്ടിക്കാന്‍.ഇടക്ക് അപ്പന്‍ വിളിക്കുമ്പോ പറയാന്‍ തുടങ്ങി"അപ്പാ എനിക്ക് പഠിക്കാനുണ്ട് "
അത് കേക്കണ്ട താമസം അമ്മേം പറയും "നിങ്ങടെ ഈ തുള്ളല് ചെക്കനിം ചീത്യക്കൂലോ മന്ഷ്യാ"
ഒരു ദിവസം സഹികെട്ട് അപ്പൻ പറയണത് ഞാൻ കേട്ട് "എടി കഴുതേ എന്റപ്പന്റെ മുന്നില് ചെന്ന് എന്തേലും പറഞ്ഞ ഓര്മ എന്ക്കില്ല്യ.ഒരു കുറ്റി പെന്‍സില് വേണങ്ങി അമ്മ വഴി പോണം നിവേദനം ഓര്‍ക്കാന്‍ വല്ലപ്ഴും ഒരു ഓണാ വിഷുവോ ഒക്കെ ഉള്ളൂ .ന്റെ പ്രായത്തി തിരിഞ്ഞു നോക്കുമ്പോ അവന് ഒരുപാടു നല്ല ഓർമകൾ വേണം ഓര്‍ത്തു ചിരിക്കാന്‍ അതെനിക്ക് നിര്‍ബന്ധ അത് കഴിഞ്ഞുള്ള സമയം കൊണ്ടു അവന്‍ ഡോക്ടറോ എഞ്ചിനീയറൊ ആയ മതി "
അതീപ്പിന്നെ ഞാനപ്പനെ ഒരു വഴി ഉണ്ടെങ്കില്‍ ഒറ്റയ്ക്ക് വിട്ടിട്ടില്ല പൂരത്തിനായാലും,സിനിമക്കായാലും എന്തിനായാലും
അങ്ങനെ ഇരിക്കേ എന്തിനും ഏതിനും എവടെ പൂവാനും മുതു പാതിരാക്കും വെളുപ്പിനും ഒക്കെ എന്നെ തട്ടി വിളിച്ചിരുന്ന, എന്നോടു പറയാതെ എവ്ടിം പോകാത്ത അപ്പൻ ഒരുദിവസം കാലന്‍ റോള്‍സ് റോയ്സും കൊണ്ടു വന്നു വിളിച്ചപ്പോ അതിലാ കേറി ഒറ്റ പോക്കങ്ങ്ട് പോയെ എന്നോടൊരു വാക്ക് പറയാതെ എന്നേ ഒന്ന് വിളിക്കാണ്ട്.
എന്ത് കൊണ്ടോ അപ്പൻ പിന്നിലിരിക്കാത്ത സ്കൂട്ടി ഓടിക്കാന്‍ പിന്നൊരിക്കലും തൊന്നീല്ല്യ.ആരും എടുക്കാതെ ഒരുപാടു വര്‍ഷങ്ങള്‍ പോർച്ചിലിരുന്നു.ഓടിക്കാതെ ടയര്‍ ഒക്കെ പോയി തുരുമ്പു വന്നു തുടങ്ങീപ്പൊ എന്നേക്കാളും പ്രാക്റ്റിക്കൽ ആര്ന്ന അമ്മച്ചി അതെടുത്ത് ആക്രിക്കാരന് കൊട്ത്ത് 2000 രൂപേം വാങ്ങി അടുത്തുള്ള വൃദ്ധസധനത്തി പോയി അപ്പന്റെ പേരില് ഒരു സദ്ദ്യേം നടത്തി.
പൊളിക്കാന്‍ കൊടുക്കുമ്പോ മത്തായി പറഞ്ഞ പോലത്തെ ഡയലോഗ് ഒന്നും വേണ്ടി വന്നില്ല്യ അമ്മച്ചിക്ക്.എന്നാലും ഇന്ന് മത്തായിയോടു എനിക്കൊരുപാട് നന്ദി ഉണ്ട് അപ്പനെ പറ്റിച്ചതില്‍.അതോണ്ട് എന്റപ്പനെ ഞാന്‍ കൂടുതല്‍ അറിഞ്ഞു ഒരുപാട് ഓര്‍മകളും കൂട്ടായി കിട്ടി .........
പിന്കുറിപ്പ് : ദുരഭിമാനം കൊണ്ടു ,അഹങ്കാരം കൊണ്ടു അല്ലെങ്ങി മറ്റൊരുപാട് കാരണങ്ങളാല്‍ ആര്‍ക്കു മുന്നിലും തുറന്നു വെക്കാന്‍ കഴിയാതെ പോയ ചിരിയുടെ,മണ്ടത്തരങ്ങളുടെയ് ,കരച്ചിലിന്റെ,വേദനയുടെ,സ്നേഹത്തിന്റെ അങ്ങനെ ഒത്തിരി ഒത്തിരി ജാലകങ്ങള്‍ തുറന്നിടാന്‍ ഉള്ള ഒരു ശ്രമം ആണ് എന്റെ ഈ ബ്ലോഗ് ജാലകകാഴ്ചകള്‍ കാണാന്‍ ആരേലും ഒക്കെ വന്നാല്‍ ഇനിയും തുറക്കാന്‍ ഞാന്‍ റെഡി ആണ് .
സമര്‍പ്പണം (ഇതൊക്കെ പാടുണ്ടോ അറില്ല്യ) എന്നാലും എന്റെ ആദ്യത്തെ പോസ്റ്റ് ഒരു പത്താം ക്ലാസുകാരന്റെ കയ്യിലേക്ക് മഞ്ഞും ,ആകാശത്തിന് ചുവട്ടിലും ഒക്കെ വെച്ച് കൊടുക്കാന്‍ ചങ്കൂറ്റം കാണിച്ച എന്റെ അച്ഛന്
Subscribe to:
Post Comments (Atom)
വിനൂ,
ReplyDelete“ഠേ.....ഠേ....ഠേ...”
തേങ്ങയടിച്ചതാ. പേടിക്കേണ്ടാ.
അങ്ങനെ ഒരു പുതുബ്ലോഗിൽ ആദ്യമായി തേങ്ങയടിച്ച് ഉത്ഘാടിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടി. നന്നായി എഴുതിത്തെളിയൂ.
സ്കൂട്ടിക്കഥൾ വായിക്കുമ്പോൾ പണ്ട് ബോബനും മോളിയും വായിച്ചപ്പോൾ കിട്ടിയ “ബൈക്ക്” എന്ന കാർട്ടൂൺ ആണ് ഓർമ്മവന്നത്. അതുപോലെ ഒരു കഥ തനി തൃശ്ശൂർഭാഷയിൽ വായിക്കാൻ സാധിച്ചതിൽ സന്തോഷം. ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിച്ച് മലയാളം എഴുതുന്നതിന്റെ ‘ഗുണങ്ങളും ദോഷങ്ങളും’ കാണാനുണ്ട് എന്ന് ഞാൻ പറയാതെ അറിയാമല്ലോ. സാരമില്ല, ഏതു മെതേഡ് ഉപയോഗിച്ചാലും അക്ഷരത്തെറ്റുകൾ ഇല്ലാതെ എഴുതാൻ ശ്രദ്ധിക്കുക എന്നേയുള്ളൂ..
ആശംസകൾ.
കടയില്‍ ആള് കയറുന്നില്ലല്ലോ പൂട്ടണ്ടി വരുവോ എന്ന് കര്തുംമ്പഴാണ് (ഈ കമന്റ് മോഡറേഷന്‍ സംഗതി എനിക്ക് അറിയില്ലാര്‍ന്നു)ദേ കിടക്ക്ണ് “ഠേ.....ഠേ....ഠേ...”.ചിതറി തെറിച്ച തേങ്ങാ കഷ്ണങ്ങള്‍ ഞാന്‍ നെഞ്ചോടു ചേര്‍ത്ത് വെക്കുന്നു,നന്ദി ഒരുപാട്.ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷൻ ഉപയോഗിക്കുമ്പോള്‍ ചില്ലുകളില്‍ പ്രശ്നം കാണാനുണ്ട് അടുത്തത് പൂശുമ്പോ ശരിയാക്കാം .
ReplyDeleteവണ്ടിയില്‍ കയറുന്നെല്ലാവരും ടിക്കെറ്റെടുക്കുന്നില്ലന്നേയുള്ളൂ-
ReplyDeleteവണ്ടി ഓടട്ടെ-
അച്ഛന് സമര്‍പ്പിച്ചു കൊണ്ടുള്ള ആദ്യ പോസ്റ്റ് നന്നായിട്ടുണ്ട് .... ഇനിയും കഥകള്‍ പോരട്ടെ...
ReplyDeleteആശംസകള്‍ :)
ബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteഎഴുത്ത് കൊള്ളാം, കൂടുതല്‍ എഴുതൂ... ആശംസകള്‍
കാട്ടിപ്പരുത്തി ചേട്ടാ ടിക്കറ്റ് എടുത്തതിനു നന്ദി.ടെസ്റ്റ് ഡ്രൈവ് വണ്ടി ആണ് എല്ലാര്ക്കും ഫ്രീയാ.എന്നാലും ഡീസല്‍ അടിക്കാനും മറ്റും വല്ലപ്പോഴും ടിക്കറ്റ് എടുക്കുന്നവര്‍ ഉണ്ടേല്‍ ഒരു ഉഷാര് വരും.വണ്ടി ഓടിക്കണം തന്ന്യാ പക്ഷേ റംസാന്‍ ലീവ്ലാണ് റോഡില്‍ ഇറക്കിയത് ഈ പോക്കാണേല്‍ ഇനി വല്ല്യ പെരുന്നാളിനെ അട്ത്ത ഓട്ടം നടക്കു
ReplyDeleteഅഭി നന്ദി, ഇനിയും പോസ്റ്റണം എന്ന് തന്ന്യാ പൂതി പക്ഷെ ചുറ്റുപാട് ശകലം പെശകാ
ശ്രീ നന്ദി,ഈ ബൂലോഗം ഒരു മുറ്റ് സംഭവം തന്നെ എനിക്ക് എപ്പൊ കൊളളും എന്ന ടെന്‍ഷനും ഇല്ലാതില്ല
ഡാ..വീനസെ..കലക്കീന്ന്റ്റ്ര..മോനെ നിന്റെ കന്നിപ്പോസ്റ്റ്..
ReplyDeleteഅപ്പനും,മോനും കൂടി സ്ക്യുട്ടടിച്ചു ചിർപ്പിച്ചു..ചിർപ്പിച്ചു ;നീ കര്യേപ്പിച്ചു അല്ലേ?
എന്നാലും നീയ്യിത് അപ്പനുസമർപ്പിച്ചല്ലോ..
അപ്പന്റൊപ്പം നിനക്ക് എല്ലാഭാവുകങ്ങളും നേരുന്നൂ...
vinus.,ഒരു തുടക്കകാരന്റെ പതര്‍ച്ചയൊന്നുമില്ലാതെ സൂപ്പറായിട്ടെഴുതി.അതും നല്ല തനി തൃശ്ശൂര്‍ ഭാഷയില്‍.ചിരിപ്പിച്ചും,ഒടുവിലിത്തിരി സങ്കടപ്പെടുത്തിയുമുള്ള അപ്പനും,മോനും കൂടിയുള്ള ഈ സ്കൂട്ടി യാത്ര അപ്പനു തന്നെ സമര്‍പ്പിച്ചല്ലോ.നന്നായി..ഇനിയും പോരട്ടെ ഇതു പോലുള്ള ജാലകക്കാഴ്ചകള്‍..:)
ReplyDeleteബൂലോകത്തേക്ക് സ്വാഗതം.ആദ്യ പോസ്റ്റ് നന്നായിട്ടുണ്ട്.
ReplyDeleteഅളിയാ...
ReplyDeleteനിന്റെ കന്നിയങ്കം കലക്കിട്ടാ...
ഇതിനു ഒരു സ്ക്രാപ്പിട്ടില്ലേ പിന്നെ ഞാനെന്തിനാ ജീവിക്കുന്നേ. നീ അടുത്ത പുലിയാണ് ട്ടാ...
സ്വാഗതം പറയാന്‍ ഭൂലോഗത്തിന്റെ ശ്രീ വന്നില്ലേ ഇനി വച്ചടി വച്ചടി കേറ്റമായിരിക്കും...
പൊരിക്കെടാ ഗഡീ പൊരി..
ബിലാത്തി ചെട്ടാ നന്ദി .വിനൂസ് എന്നു ഇംഗ്ലീഷിൽ കണ്ടാൽ വീനസ് എന്നു വായിക്കാം അല്ലേ അങ്ങനെ ഒരു അപകടം ഉണ്ട് എന്ന് ഈ കമന്റ് കണ്ടപ്പഴ മൻസിലായത്
ReplyDeleteറോസ് നന്ദി .അത്യാവശ്യം പതറൽ ഒക്കെ ഉണ്ടാർന്നു ഒത്തിരി തവണ എഡിറ്റ് ചെയ്താണു ഈ കോലത്തിൽ ആക്കിയതു
അഭിജിത്ത് അഭിപ്രായത്തിനു നന്ദി .
പാണ്ഢവാ പൂയ്... പൊരിക്കണം തന്നേണു പൂതി.പിന്നെ നന്ദി അഭിപ്രായത്തിനും ഗഡി എന്ന വിളിയിലൂടെ വെച്ചുനീട്ടിയ സൗഹ്രുദത്തിനും
സ്വാഗതം മാഷേ ബൂലോഗത്തേക്കു് (വന്നിട്ട് കുറച്ചുകാലമായെങ്കിലും ഞാനിപ്പഴല്ലേ കണ്ടതു്). ഞാനും കുറുമാലിപ്പുഴയുടെ തീരത്തു നിന്നു തന്നെയാണേയ്. കന്നി പോസ്റ്റ് കലക്കീട്ടോ. അടുത്തതിനെന്തിനാ താമസം, വേഗം പോരട്ടെ.
ReplyDeleteവിനൂസ്
ReplyDeleteഉഷാറായിട്ടുണ്ട്. നന്നായി തന്നെ ചിരിപ്പിച്ചു അവസാനം ചെറിയൊരു നൊമ്പരപ്പെടുത്തലും.
കൂടുതല്‍ എഴുതൂ. ഇടവേളകളില്ലാതെ..
മറ്റൊരു തൃശ്ശൂക്കാരന്‍ :)
നന്ദ കുമാര്‍ ചേട്ടാ സന്തോഷം.എഴുതണം എന്നുണ്ട് പക്ഷെ മനസ്സിന്റെ സ്പീഡില്‍ കാര്യങ്ങള്‍ നടക്കണില്ല .എഴുത്യാലും ഇല്ലേലും പറ്റ്യാല്‍ ഇനി തൃശൂര്‍ വരുമ്പോ നമുക്കൊരു അഫിമുഖ സംഭാഷണം നടത്തണംട്ടോ പൂരപ്പറമ്പില് തന്നെ ആയ്ക്കോട്ടെ
ReplyDeletevinu..
ReplyDeleteeniyum ezhuthu.... ninakkum pattuda ktave... enthuuttengilokke ezhuthi pidippikk... hallapinne.. (sorry, thrissure lang vikalamakkiyathinu..pandu thripryayar polyil padichirunnu enna ahankaram kondu paranju nokkiyatha..namukkipanni pattilla mashe...)
തുടക്കം ഗംഭീരം ട്ടാ...അടിപൊളി വിത്ത് ലാസ്റ്റ് ഒരു വിങ്ങൽ !!
ReplyDeleteകണ്ടിന്യൂ...കണ്ടിന്യൂ..!!
വിനൂസ്,
ReplyDeleteഉള്ളില്‍ തട്ടുന്ന എഴുത്ത്, ആ സ്കൂട്ടി വില്‍ക്കണ്ടായിരുന്നൂന്നു തോന്നണു, ഞാന്‍ ഈ ഓര്‍മ്മകളൊക്കെ കൂട്ടി വയ്ക്കണ ടൈപ്പാ, ഇനിയും എഴുതണം, ധൈര്യായിട്ട്
അച്ഛന് സമര്‍പ്പിച്ച കന്നി പോസ്റ്റ് വായിച്ചു. സ്നേഹസമ്പന്നനായ ആ അച്ഛന്റെ മകനായി ജനിച്ച വിനു എത്ര ഭാഗ്യവാനാണ്.
ReplyDeleteഎഴുതാന്‍ നല്ല കഴിവുണ്ട്. ഈ ശൈലി എനിക്കിഷ്ടമായി. അതുകൊണ്ടുതന്നെ ഫോളോ ചെയ്യാന്‍ തീരുമാനിച്ചു. ബ്ലോഗ് ലോകത്ത് അറിയപ്പെടുന്ന ഒരെഴുത്തുകാരനാകട്ടെയെന്ന് ആശംസിക്കന്നു. :)