Monday, January 3, 2011

പൈതൃകം

അച്ഛൻ പണ്ട് ആരേലും ഒക്കെ മരിച്ചു പോയതിന്റെ സങ്കടം പറയുന്നത് കേട്ടാൽ അഹങ്കാരത്തോടെ ഒരു തരം വല്ല്യ കാര്യായി എടുത്തു പറയുന്ന ഒരു കഥയുണ്ട് പ്രത്യേകിച്ചും എന്നെ കേൾപ്പിക്കുന്ന രീതിയിൽ.അച്ഛന്റെ അച്ചൻ മരിച്ച രാത്രി പുതുക്കാട് സീജി തീയറ്ററിൽ പോയിരുന്നു സെക്കന്റ് ഷോ സിനിമ കണ്ട ചരിത്രം.എനിക്കത് കേട്ടാ കലിയാരുന്നു.

ഒരിക്കൽ എനിക്കിതു കേട്ട് പിടിച്ചാ കിട്ടാത്ത ദേഷ്യമങ്ങു വന്നു അതത്രക്കു വല്ല്യ കര്യാമൊന്നുമല്ല ചെറ്റത്തരമാണ് എന്ന് പച്ചക്കു പറയുകയും ചെയ്തു എല്ലരുടേം മുന്നിൽ വെച്ച്.കേട്ടവരൊക്കെ ഞെട്ടിയെങ്കിലും അന്ന് പുള്ളി എന്നെ നോക്കി ഒരു ചിരി ചിരിച്ചാരുന്നു.

പിന്നൊരു ദിവസം അങ്ങനെ ഒരു രാത്രി എന്നെയും തേടി എത്തി.അച്ഛന്റെ അത്രേം ചങ്കൂറ്റം ഒന്നുമില്ലാത്ത ഞാൻ അഭയം തേടിയത് രണ്ട് പെഗ്ഗ് മദ്യം നൽകിയ ഉറക്കത്തിലാരുന്നു.പുറത്തു നിർത്തി ഇട്ടിരുന്ന കാറിന്റെ ഉള്ളിൽ കയറി രണ്ടെണ്ണം വിട്ട് അല്ലലില്ലാതെ ഞാനതിൽ തന്നെ കിടന്നുറങ്ങി.കുടിച്ചതിൽ എനിക്ക് കുറ്റബോധമില്ല പക്ഷെ എങ്ങനെ എനിക്കുറങ്ങാൻ കഴിഞ്ഞു എന്നോർക്കുമ്പൊഴെല്ലാം പച്ചക്കു പറഞ്ഞാൽ ഒരുളുപ്പ് .

ഇന്നേക്ക് ആ രാത്രി കഴിഞ്ഞു പത്തു വർഷങ്ങൾ.പത്തു വർഷങ്ങൾക്കിപ്പുറവും അച്ഛന്റെ ആ പഴയ ചിരി മറന്നുറങ്ങാൻ ഒന്നും എന്റെ സഹായത്തിനെത്തുന്നില്ലല്ലൊ

ഏതായാലും എന്റ്റെ മകനെ കേൾപ്പിക്കാൻ എനിക്കുമുണ്ട് പോട്ടെ പുല്ല് എന്നും പറഞ്ഞ് രണ്ടെണ്ണം വിട്ട് കയറി കിടന്നുറങ്ങിയ ഒരു രാത്രിയുടെ കഥ.

ചെറ്റത്തരമാണത് എന്ന് വിളിച്ചു പറയുന്ന അവനെ നോക്കി എനിക്കും ഒന്നു ചിരിക്കണം അവനെന്നും ഓർക്കേണ്ട ഒരു ചിരി