Wednesday, December 9, 2009

ഒരു പാക്കറ്റ് കോട്ടൺ

ഈ പോസ്റ്റിന് ഒരു മുൻകുർ ജാമ്യം അത്യാവശ്യം ആണ് അത് ആദ്യമേ ഇങ്ങു തന്നിട്ടേ വായിക്കാവൂ

കാലം എന്റെ ആദ്യ പൊസ്റ്റായ സ്കൂട്ടി കാലം അതായതു ഒരു 15 വർഷം മുമ്പ്(ഇവനിത് വരെ ആ പിടി വിട്ടില്ലെ എന്ന് ചൊദിക്കരുത് പ്ലീസ്)അന്നെനിക്ക് ഇന്നത്തെ പോലെ ഹൈറ്റും വെയ്റ്റും ഗ്ലാമറും ഒന്നുമില്ല കേട്ടൊ! ഗ്ലാമർ അവടെ നിക്കട്ടെ എന്റെ ഉയരത്തെ പറ്റി നിങ്ങൾക്ക് ഒരു ധാരണ വേണ്ടത് അവശ്യമാണ്

ഒരു കുഞ്ഞിക്കാല് കാണാനുള്ള അമ്മയുടെ പ്രാർത്ഥനയുടെ ശക്തി കാരണം ജീവിതകാലം മുഴുവൻ എന്റെ “കുഞ്ഞു കാലും“കണ്ടിരിക്കനുള്ള ഭാഗ്യം അമ്മക്കു കിട്ടി.നട്ടപ്പഴും പറിച്ചപ്പഴും ഒരു കൊട്ട എന്നു കെട്ടിട്ടില്ലെ ആ ഒരു സ്കീം പൊക്കമില്ലായ്മ ആണെന്റെ പൊക്കം എന്ന് 60 വയസ്സിൽ കുഞുണ്ണി മാഷിനു പറയാം എന്നാലും 15വയസ്സിൽ എനിക്ക് അതിനോട് വല്ല്യ യൊജിപ്പ് ഇല്ലാർന്നു.ഇങ്ങനെ ഒക്കെ ആണെങ്കിലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല്യ.അല്ലേലും നഞ്ഞെന്തിനാ നാനാഴി

കാര്യങൾ അങ്ങനെ വളരെ സ്മൂത്ത് ആയി പൊകുന്ന ഒരു ഞായറാഴ്ച്ച വൈകുന്നേരം കുരിശു പള്ളി പിരിയുന്ന സമയത്ത് റോഡില്‍ ‍ഇറങ്ങണം കരുതി കിടക്കുമ്പൊ വലിയ വായിൽ ഒരു കരച്ചിൽ

“അയ്യോ ഞാൻ ചത്തേ പിള്ളാരെ ഓടി വാടാ.. “

അപ്രത്തെ വീട്ടിലെ ചേടത്ത്യാരാ ശബ്ദത്തിനു പിന്നിലെ ശരീരം.ആദ്യ ദൃക്സാക്ഷി ആവാൻ മതിലു ചാടി സ്പോട്ടില്‍ എത്തിയപ്പഴക്കും ലേയ്റ്റ് ആയി ഒരു പത്തെണ്ണം എനിക്കു മുമ്പ് ഹാജർ വെച്ചൂ.ചേടത്ത്യാര് വെട്ടിയിട്ട തടി പോലെ താഴെ കിടപ്പുണ്ട്.താങ്ങി എഴുന്നേൽ‌പ്പിച്ചിരുത്തി.

തേങ്ങാ പൊതിക്കൻ ഇറങ്ങിയതാ തേങ്ങയാണൊ പാരയാണൊ പ്രതി എന്നറിയില്ല കയ്‌വെള്ളയിൽ നെടുവെ ഒരു കീറലുണ്ട് അത്യാവശ്യം നന്നായി ചൊര വരുന്നുണ്ട്

ബയൊളജി ടീച്ചർ ആയതിന്റെ കൂടെ കിട്ടിയ മുറി വൈദ്യ പട്ടത്തിന്റെ ബലത്തിൽ അമ്മ ഫൊർവേർഡ് കളിക്കാൻ ഇറങ്ങി . ടെസ്റ്റ് റിസൾട്ടുകളും കൊണ്ട് ആദ്യം അമ്മയെ കൺസൾട്ട് ചെയ്തെ അയല്‍വക്കത്തെ ചേടത്തിമാരൊക്കെ ഡൊക്ട്ടറെ കാണാൻ പൊകു. റിസൾട്ട് വാങ്ങി വായിച്ച് ആഴത്തിൽ ആലൊചിച്ച് ഒരു ഇരിപ്പുണ്ട് ഒന്നു കാണണ്ട്ത് തന്ന്യാ ഇടിക്കുന്ന മനസ്സുമായി രൊഗിയും.പിന്നെ ഒരു ഡയലോഗാണ് “ഇതിപ്പൊ ESR കൂടിയതാ നീ പൊർക്ക് തീറ്റി നിർത്തിക്കൊ” അല്ലെങി “മെരുട്ട്യ് ഇത് സാരല്ല്യാ ചെറുള തിളപ്പിച്ചു കുടിച്ചാ മതി” ഒരിക്കൽ കാലിൽ മുള്ള് കൊണ്ടത് പാമ്പ് കടി ആക്കി മാറ്റിയത് ഒഴിച്ചാൽ സെർവ്വീസ്സ് ബുക്ക് ക്ലീനാണ് അതികം ചുവപ്പ് മഷി ഇല്ല

ആദ്യം മുറിവ് കഴുകി ഒന്ന് കുലങ്കുഷമായി പരിശോധിച്ചു

“ഇതു സാരല്ല്യ ശകലം വെൽക്കം പൊടി ഇട്ട് ഒന്നു കെട്ടിവെച്ചാ മതി. കയ്യായതാ ചൊര നിക്കാത്തെ”

അപ്പഴക്കും വെൽക്കം പൊടിയും കെട്ടാൻ തുണിയും വന്നു

“പഞ്ഞിണ്ടാ ഇവടെ ഉള്ളം കയ്യല്ലെ പഞ്ഞി വെച്ചാലെ കെട്ട് ശര്യാവൂ “

“ഇല്ല്യാലൊ ടീച്ചറെ“ചേടത്തി കയ് മലർത്തി .

ഉടനെ അച്ചന്റെ വക ഒരു സെൽഫ് ഗോള്‍ കീശേന്ന് ഒരു അമ്പതിന്റെ പടം എടുത്ത് ഒരു വീശ് “ഡാ പൊയി പഞ്ഞി വേടിക്കടാ“നാട്ടുകാരുടെ കാര്യത്തിൽ പുള്ളി ബിൽ ഗേറ്റ്സിന്റെ സ്വന്തം അളിയനാ നമ്മളെങ്ങാനും പത്തു രൂപ ചൊദിച്ച ആദ്യം ക്വട്ടേഷൻ വേണം പിന്നെ ബില്ല് വേണം.

ഈയുള്ളവൻ റെഡ്യല്ലെ അയല്‍വക്കത്തെ കുഞ്ഞുകുട്ടി പരാദീനങ്ങള് ഒക്കെ ഉണ്ട് ഏതായാലും ഇതു തന്നെ അവസരം ഞാൻ കേസ് പിടിച്ചു

സംഭവത്തിന്റെ എമർജെൻസി അതിന്റെ മാക്സിമത്തിൽ ഉൾക്കൊണ്ട് ഞാൻ ലൈറ്റിട്ട് തന്നെ പറപ്പിച്ചു അടുത്ത വളവിൽ ഉണ്ട് മെഡിക്കൽ ഷോപ്പ് എന്റെ കാലക്കേടിന് അത് അടച്ചിരിക്കുന്നു.പിന്നെ നേരെ വിട്ടു ഒല്ലുർ സെന്ററിൽ ഒരു ഡിലൈറ്റ് മെഡിക്കൽസ് ഉണ്ട് സംഭവം കിടു ആണ്

ഞാൻ സ്കൂട്ടി സ്റ്റാൻഡിൽ ഇട്ട് ഓടി ചെന്നു.നല്ല തിരക്കുണ്ട് പക്ഷെ ഞാൻ അതിനും തിരക്കിലാണല്ലൊ.നൊക്കുമ്പൊ ഉള്ളിൽ മരുന്ന് എടുത്ത് ഒരുത്തൻ നിപ്പുണ്ട് ഞാൻ ഒട്ടും കുറച്ചില്ല ഇഗ്ലീഷിൽ തന്നേ കീച്ചി ഈ പഞ്ഞി എന്നൊക്കെ പറയണത് ഒരു വകയാ

“ചേട്ടാ ഒരു പാക്കറ്റ് കോട്ടൺ “

പുള്ളിക്കാരൻ പതുക്കെ അടുത്ത് വന്നു .ആകെ മൊത്തം എന്നെ ഒന്ന് ആളന്നു തൂക്കി ഒരു മുപ്പത് നാപ്പതു കിലൊ മതിപ്പു കണ്ടു കാണണം

“ഏത് ബ്രൻഡാ ”

പഞ്ഞിക്കും ബ്രാൻഡൊ ?“അതിപ്പൊ ചെട്ടന് നല്ലത് തൊന്നണത് താ“

എനിക്ക് എവിടന്നറിയാനാ പഞ്ഞിയുടെ ബ്രാൻഡ്

“ചെറുതൊ വലുതൊ ?”

ഇതു പുകിലാവുല്ലൊ ദൈവമേ എന്റെ പിടുത്തം വിട്ടു “ ചെറുതു മതി ചെട്ടാ “

അങ്ങൊര് എന്തൊ പിറുപിറുത്തു ഞാൻ കേട്ടില്ല

പിന്നേം അങ്ങൊര് തട്ടി തിരിഞ്ഞു കളിക്കുവാ എനിക്കു ശകലം ദേഷ്യം വന്നു

“എന്റെ പൊന്നു ചെട്ടാ പെട്ടന്ന് താ കൊണ്ട് പോയിട്ട് അത്യാവശ്യം ണ്ട് “

അളിയന്റെ കീഴ്ച്ചുണ്ടിനും മേൽച്ചുണ്ടിനും ഇടയിൽ വലിയൊരു വിടവ് രൂപപ്പെട്ടു

പുള്ളിക്കാരൻ ഒരു ഷെൽഫ് ലക്ഷ്യമാക്കി നടക്കണത് കണ്ട് ഞാൻ പതുക്കെ റൊഡിലേക്ക് തിരിഞ്ഞു.തൊട്ടപ്പുറത്ത് ബസ്സ് സ്റ്റൊപ്പ് ആണ്. എ തിംഗ് ഓഫ് ബ്യുട്ടി ഈസ് എ ജൊയ് ഫൊർ എവെർ എന്നാണല്ലൊ ഒന്നു രണ്ട് ബ്യുട്ടികൾ നിപ്പുണ്ട് മൊശം വരില്ല.പിന്നെ ഞാൻ തിരിഞ്ഞപ്പ്ഴക്കും അളിയൻ ഒരു പൊതി എനിക്കു നീട്ടി.അവടെ നിക്കുന്നവര് ആൺ പെൺ ഭേദമില്ലാതെ എന്നെ തന്നെ നൊക്കുന്നുണ്ട് എന്താപ്പൊത് ഇവറ്റകൾ ഒന്നും മനുഷ്യരെ കണ്ടിട്ടില്ലേ ഒരു സംശയം .

ഹെയ് ചുമ്മാ തൊന്നിയതാ എന്റെ സ്കൂട്ടിയും ഗ്ലാമറും കണ്ട് ഞെട്ടിയതാ

പൊതിയും പോക്കെറ്റില്‍ ഇട്ട് തിരിച്ചു പറന്നു.ചേടത്തിയെ വീടിനുള്ളിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്.കുറച്ച് പേര് അത്ര കോളില്ല കണ്ട് വീട് പിടിച്ചു എന്നാലും പാര നെഞിൽ കയറീരുന്നെങ്കിലൊ തേങ്ങാ വിഴുങ്ങി പൊയിരുന്നെങ്കിലൊ എന്നൊക്കെ പറഞ്ഞ് ചേടത്തിയെ കൊന്ന് കൊലവിളിച്ച് ഇരിപ്പാണ് കൂടുതൽ പേരും. ഇനി തല പോയാലും ചേടത്തി കരഞ്ഞ് ആളെ കൂട്ടില്ല

ഞാൻ പൊതി കൊടുത്ത് “ചെറുതാ കുറച്ചീശ്ശെ എട്ത്താ മതി“കനത്തിൽ ഒരു ഡയലൊഗ് ഇട്ടു പുറത്ത് കടന്നു

ഞാൻ മുൻ വാതിൽ എത്തണ്ട താമസം “അയ്യൊ“ന്ന് കോറസ്സില്‍ ഒരു നിലവിളി കേട്ടു

ഓടി ചെല്ലുമ്പൊ പെണ്ണ്ങ്ങൾ ഒക്കെ വലിഞ്ഞ് തുട്ങ്ങി

താഴെ കിടന്ന പക്കെറ്റ് എന്റെ നേരെ എറിഞ്ഞിട്ട് അച്ചൻ ഊക്കൻ ഒരു തന്തക്ക് വിളി ഇതാണോടാ നിന്റെ പഞ്ഞീന്ന് ഒരു കാറലും.കയ്യിൽ വന്നു വീണ സാധനത്തിലേക്ക് എന്റെ നോട്ടം ഒന്നു പാളി

ഒരു നീല വിരിക്കു പുറത്ത് പിങ്ക് കളർ തുണി(എന്നാണ് ഓർമ്മ)മാത്രം ഇട്ടു കിടക്കണ പെണ്ണിന്റെ പടമാണ് കണ്ണിൽ പെട്ടത് മൂഡ്സ് എന്ന് നല്ല സ്റ്റ്യ്ലീൽ എഴുതിയിട്ടുണ്ട് സാധനം എന്താന്ന് തലയിൽ റെജിസ്റ്റർ ആവാൻ പിന്നെം സമയം എടുത്തു.

തലയിൽ ബൾബ് കത്തിയതും എനിക്കു ബോധം പോയി.എന്റെ മാനം മുങ്ങിച്ചാവുന്നത് ഞാൻ കണ്ടു

“പോയി മാറ്റി വാങ്ങടാ“അച്ചൻ നിന്നു വിറക്കുകയാണ്.എന്നെ ഒന്നു കൈവെച്ചാൽ കൊള്ളാം എന്ന് കലശലായ പൂതിണ്ട് പുള്ളിക്ക്

ഞാൻ വീണ്ടും വണ്ടിയിൽ കയറി ഇത്തവണ പറന്നില്ല ഇഴയുവാണ്.ഞാൻ ഒരുപാട് തവണ പറഞ്ഞു നൊക്കി കൊട്ടൺ എന്ന് എങ്ങനെ പറഞ്ഞാലും അയാള് കേട്ടതു കേള്‍ക്കാന്‍ ഒരു ന്യായവും കിട്ടണില്ല .എന്നാലും ഒരു സിഗററ്റ് കൂടിന്റെ അത്രെം ഉള്ള പാക്കറ്റ് കയ്യിൽ കിട്ടിയപ്പ്ഴേലും എനിക്ക് ഒന്നാലൊചിക്കാർന്നു ഇത് പഞ്ഞി ആവില്ല എന്ന്.പാക്കറ്റ് എന്ന് പറഞ്ഞതാണ് കുഴപ്പമായത് എന്നു തോനുന്നു

എന്റെ പോക്കറ്റില്‍ കിടന്നതു വല്ലാതെ പൊള്ളുന്നു .ഞാൻ അത്ര ഡീസെന്റ് ആണ് എന്ന് എനിക്കഭിപ്രായം ഇല്ല്യ എന്നാലും കഷ്ട്ടപെട്ടു ഞാൻ ഉണ്ടാക്കി എടുത്ത ഇമേജാണ് ഒറ്റ ദിവസം കൊണ്ട് മണ്ണായത് .

ഓർക്കണം15 വർഷങ്ങൾക്കു മുമ്പത്തെ കഥയാണ് .ഇന്നത്തെ പോലെ കോളേജ് പിള്ളേരുടെ ബാഗിൽ ഒന്നും തപ്പിയാൽ അതു കാണില്ല .ടീ വ്വി തുറന്നാൽ പത്തു മിനിറ്റ് ഇട വിട്ട് കുത്തുള്ളതു പിരി ഉള്ളത് ഐസ്ക്രീമിന്റെ ചുവയുള്ളത് എന്നു വിളിച്ചു പറയുന്ന പരസ്യങ്ങളും അന്നില്ല.ആകെ ഉള്ളത് അയ്യൊ ആരും ഇങൊട്ടു നോക്കല്ലേ എന്ന ഭാവത്തിൽ വരുന്ന ആണും പെണും കൂടി കൈകോര്‍ത്ത് കടൽക്കരയിലൂടെ എതൊ ഒരു പാട്ടും പാടി നടക്കണ പരസ്സ്യമാണ്.(കൊട്ടും സൂട്ടും ഇട്ട് ക്യാൻ ഐ ഹാവെ എന്ന പരസ്സ്യം വന്നു തുടങ്ങിയാ സംശയാ)ആ സാധനമാണ് ഞാൻ ആണും പെണ്ണും നിറഞ്ഞ അയൽവക്കത്തെ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനത്തിനിടയിലേക്കു കൊണ്ട് കൊടുക്കണത് ആലോചിക്കുംതോറും എനിക്കു കരച്ചിൽ വന്നു തുടങ്ങി

ഞാൻ നനമ്മുടെ മെഡിക്കൽ ഷോപ്പിന്റെ മുമ്പിൽ എത്തി. കീചകൻ അവടെ നിപ്പുണ്ട് ഒന്നു നല്ലോണം വലിഞ്ഞ് നിന്നാ ഷർട്ടിനു കുത്തി പിടിക്കാം കുനിച്ചു നിർത്തി രണ്ടെണ്ണം കൊടുക്കാൻ അതി ഭയങ്കര ആശ.പക്ഷെ വയ്യ പോയി ഇതു പോക്കറ്റില്‍ നിന്ന് പുറത്ത് വെച്ച് വേണ്ടെ സംസാരിക്കാൻ അതിനുള്ള ആംമ്പിയർ ഇല്ല.

ഞാൻ നേരെ അടുത്ത മെഡിക്കൽ ഷൊപ്പിൽ ചെന്നു ഇത്തവണ ജാഡ ഒന്നും ഇല്ല “ചേട്ടാ ഒരു കൂട് പഞ്ഞി താ “ പഞ്ഞി എട്ത്തു പൊതിഞു കയ്യിൽ തരുന്നതു വരെ നൊക്കി നിന്നു.

തിരിച്ചു എത്തിയപ്പ്ഴക്കും കളി കഴിഞ്ഞ് മൈതാനം ശുദ്ധ ശൂന്യം അച്ചനും അമ്മയും പവലിയണിൽ എത്തി റിട്ടയേർഡ് ഹർട്ട് ഞാൻ ചേടത്തീടെ വീടിനു മുമ്പിൽ നിന്നു പതുക്കെ വിളിച്ചു “ചേടത്തീ പഞ്ഞി”

“നീയത് അവടെ എവടേലും വെക്കടാ ചെക്കാ “

ശബ്ദരേഖ മാത്രമെ ഉള്ളു ആദ്യം കിട്ടിയ പഞ്ഞിയുടെ ഷോക്കില്‍ ചേടത്തീടെ ഫുൾ ചൊരയും വറ്റി.ഒരു കെട്ടിന്റെം ആവശ്യം വന്നില്ല പുള്ളിക്കാരത്തി അടുത്ത തേങ്ങ പൊളിക്കാൻ ഇറങ്ങി

കളയാൻ പൊലും പേടിച്ച് പൊക്കറ്റിൽ ഒരു പാക്കറ്റുമായി ഞാൻ പെരുവഴീലും

ആ ചമ്മൽ പൂർണമായും വിട്ടു മാറാൻ ഒരുപാടു നാളുകൾ വേണ്ടിവന്നു.

വർഷങ്ങൾക്കിപ്പുറവും ഞാൻ വണ്ടിയും എടുത്ത് ഇറങ്ങുമ്പൊ പിന്നീന്ന് ഏതേലും തല തെറിച്ചവൻ വിളിച്ചു കൂവും

“ ഡാ ഒരു പാക്കറ്റ് കോട്ടൺ “


ഇതിലെ നായകൻ അൽപ്പം ശ്ലീലമില്ലാത്തവനായതിന്റെ പേരിൽ ആർക്കെങ്കിലും ഇത് അശ്ലീലമായി തൊന്നിയാൽ ക്ഷമിക്കുക.ജീവിതത്തിൽ പറ്റിയ അബദ്ധങ്ങളിൽ ഒന്നാം റാങ്ക് ഈ കഥക്ക് ആസ്പദമായ സംഭവത്തിനാണ് .ബ്ലൊഗ് പണി തുടങ്ങിയ നാൾ മുതൽ മനസ്സിലുണ്ട് ഇന്നാണ് ധൈര്യം കിട്ടിയത്.ഒട്ടു സങ്കടത്തൊടെ എങ്കിലും പരമാവധി സെൻസർ ചെയ്തിട്ട്ണ്ട് എന്നിട്ടും വൾഗറായി തോന്നിയാല്‍ പറയാൻ മടിക്കണ്ട