Sunday, February 21, 2010

അതിമോഹം

മുഖത്തേക്ക് ശക്തിയായി വെള്ളം തെറിച്ചു വീണാണവൻ ഉറക്കം ഞെട്ടിയത് .ഇതു പതിവില്ലാത്തതാണ് സാധാരണ വെയിലടിച്ചു ശരീരം ചൂടാകുമ്പൊഴേ അവൻ എഴുന്നേൽക്കാറുള്ളൂ .കണ്ണിലേക്കടിച്ചു കയറിയ ചെളി വെള്ളത്തിൽ അവനാദ്യം ഒന്നും വ്യക്തമായില്ല.പൈപ്പു പൊട്ടി കാണണം. വെള്ളം മണ്ണിനടിയിൽ നിന്നു കുമിള കുമിളയായി പൊന്തി ചാലിട്ടൊഴുകുന്നു .

മുന്നിലെ റോഡ് 8 മണിയുടെ തിരക്കിലേക്കുണർന്നു കഴിഞ്ഞിരിക്കുന്നു.സ്ക്കൂൾ കുട്ടികൾ ബസ്സ് വരുന്നതും കാത്ത് അവിടവിടെ കൂട്ടമായി നിപ്പുണ്ട് .അവനെക്കാൾ രണ്ടുമൂന്നു വയസ്സിനു മുതിർന്ന,കഴുത്തിൽ വാട്ടർ ബോട്ടിലും തൂക്കി ചിണുങ്ങി കരയുന്ന കുട്ടികളെ അമ്മമാർ വലിച്ചു കൊണ്ടു പോകുന്നു .തന്റെ അത്ര പോന്ന,വർണ്ണങ്ങൾ വാരി വിതറിയ കുഞ്ഞുടുപ്പുകളും ഇട്ട് തന്റെ നാക്കിനു വഴങ്ങാത്ത എന്തൊക്കെയൊ ശബ്ദ്ധങ്ങൾ ഉണ്ടാക്കി നടന്നു പോകുന്ന കുട്ടികളെ അവനെന്നും ഒരു പകപ്പോടെ ശ്രദ്ധിക്കാറുണ്ട്.ഇടക്കവൻ അവരെ പോലെ രണ്ടു കാലിൽ നിവർന്നു നിന്നു നോക്കും കുഴപ്പമില്ല എന്നാലും മുട്ടിലിഴയുന്നതാണ് അവനു സുഖം

ഒഫീ‍സിൽ പോകുന്ന തിരക്ക് ആവുന്നതെ ഉള്ളൂ .റോഡിൽ എത്രയും പെട്ടന്നു ലക്ഷ്യത്തിലെത്താൻ പാഞ്ഞ് പോകുന്ന വണ്ടികൾ തിരക്കു കൂടിയ ചിലത് റോഡ് വിട്ട് മണ്ണിലെ വെള്ളച്ചാലിലേക്കിറങ്ങുന്നു.അപ്പോഴെല്ലാം അരയിൽ ഒരു ചുവന്ന ചരടല്ലാതെ മറ്റൊന്നും ഇല്ലാത്ത അവന്റെ ദേഹം നനഞ്ഞു കൊണ്ടിരുന്നു.അരയിലെ ചരടിന്റെ ഒരറ്റം പഴയൊരു ടെലിഫോൺ കാലിലാണ് കെട്ടിയിരുന്നത്

അവനെഴുന്നേറ്റ് പതുക്കെ ചാലിൽ നിന്ന് ആകാവുന്ന അകലത്തിൽ പോയിരുന്നു.വലിയ നീളമില്ലാത്ത ചരട് പോസ്റ്റിനുചുറ്റുമുള്ള ഒരു ചെറിയ വട്ടത്തിലേക്കവന്റെ ലോകത്തെ ചുരുക്കിയിരുന്നു.അവിടേയും രക്ഷയില്ല അവനൊന്ന് വലിഞ്ഞു നോക്കി.ഹാവൂ നീറുന്നു നാളുകളായി കിടക്കുന്ന ചരടുരഞ്ഞ് അവിടവിടെ മുറിഞ്ഞിട്ടൂണ്ട് വെള്ളം വീഴുമ്പൊ വല്ലാത്ത നീറ്റൽ.പണ്ടവനു കരച്ചിൽ വന്നിരുന്നു ഉറക്കെ കരഞ്ഞിരുന്നു.പിന്നെ പിന്നെ അവനതു മറന്നു ഉപയോഗിക്കാത്തതെന്തും തനിയെ നശിക്കുന്ന നിയമം പതിയെ അവന്റെ കണ്ണീർ ഗ്രന്ഥിയേയും ബാധിച്ചിരുന്നിരിക്കണം

ആക്രി കടയോട് ചേർന്ന് കെട്ടിയ ടാർപ്പാളിൻ ചാച്ചിറക്ക്.കുറച്ചു കാലം മുമ്പു വരെ അവിടെ തന്നെ ആണ് അവൻ പകൽ കഴിച്ചു കൂട്ടിയിരുന്നത് .ഇടക്കെന്നൊ കടയുടെ അറ്റകുറ്റപണിക്കു ടാർപ്പാളിൻ പൊളിച്ചപ്പോഴാണു ഇവിടെ കൊണ്ട് കിടത്തിയത് .ഏതോ മഹാമനസ്ക്കൻ എറിഞ്ഞിട്ടു പോയ അഞു രൂപാ തുട്ട് വീണ്ടു പഴയ സ്ഥലത്തേക്ക് മടങ്ങി പോകാൻ ഉള്ള അവന്റെ അവസരം നിഷേദിച്ചു.ഇടക്കിടക്ക് നാണയത്തുട്ടുകൾ അടൂത്തു വന്നു വീണ് അവനെ പരിഹസിച്ചു കോണ്ടിരുന്നു.

ഇപ്പൊ ആക്രി പെറുക്കലും കഴിഞ്ഞു ആ സ്ത്രീ മടങ്ങി വരുന്നതു വരെ അവനവിടെ തന്നെ കിടക്കണം.പകലിലെ വെയിൽ മുഴുവനും കൊണ്ട് തളർന്ന ഉറക്കത്തിലെപ്പഴൊ അവരവനെ ടാർപ്പാളിനു താഴെ കൊണ്ട് പൊയി കിടത്തും.അതു വഴി കടന്നു പോയ മഹാമനസ്ക്കരുടെ അലിവിന്റെ നാണയതുട്ടുകളും പെറുക്കിയെടുകും.മുലപ്പാലിന്റെ രുചി അറിയാത്ത അവന്റെ നാവിന് അമ്മ എന്ന പദം വഴങ്ങാത്ത ഒന്നായിരുന്നു ആരും വിളിക്കാൻ നിർബന്ധിച്ചതും ഇല്ല.

പകൽ വീണ്ടും പൊരിവെയിലിൽ

വിശക്കുന്നുണ്ട് വല്ലാതെ,ഇന്നലെ ഉച്ചക്കു കഴിച്ചതാണ്. അരികിൽ തന്നെ ഇരിപ്പുണ്ട് വക്കു പോട്ടിയ പിഞ്ഞാണത്തിൽ ഇന്നലെ രാത്രിയിൽ ഏതോ ഹോട്ടലിൽ നിന്നു വലിച്ചെറിഞ്ഞ ഭക്ഷണത്തിന്റെ ബാക്കി.ചെളിവെള്ളം വീണു കുഴഞ്ഞിരിക്കുന്നു കുറച്ചു കൂടി വിശക്കുമ്പൊ എങനേലും വാരി കഴിക്കാം

ഉച്ചത്തിലോരു കുര കേട്ട അവന്റെ ശ്രദ്ധ റോഡിനപ്പുറത്തേക്കു തിരിഞ്ഞു .റോഡിനപ്പുറത്തെ വലിയ വീട്ടിലെ പുതിയ നായയാണ്.നായയേ നടക്കാൻ കോണ്ടുപോകുന്ന സമയത്ത് അവൻ ശ്രദ്ധിക്കാറുണ്ട്.തന്നെ പ്പോലെ അരയിലല്ല കഴുത്തിലാണ് കുടുക്ക് അതു പക്ഷെ ചരടല്ല വലിയ വീതിയുള്ള പട്ടയാണ് മുറിയില്ല.രണ്ടു കാലിൽ നടക്കുമ്പൊഴെല്ലാം ബിസ്ക്കറ്റ് കഴിക്കാൻ കൊടുക്കുന്നു.താമസിക്കാൻ വെയിലും മഴയും കൊള്ളാത്ത ഇരുമ്പഴി ഉള്ള വീട്.ഇടക്കിടക്കു മുന്നിൽ കൊണ്ടു വെക്കുന്ന തിളങ്ങുന്ന പാത്രം നിറയെ പലതരത്തിലൂള്ള ഭക്ഷണം.

അവൻ തന്നത്താനെ ഒന്നു നോക്കി വലിയ വിത്യാസമില്ല തനിക്കും കൈകുത്തി അതു പോലെ നടക്കാനാവും.തന്റെ ശരീരത്തിൽ അവന്റെ അത്രക്കു രോമങ്ങളില്ല,പിന്നെ അൽ‌പ്പം മെലിഞ്ഞിട്ടുമാണ് അതു സാരല്ല്യാ,പക്ഷെ പുറകിൽ വളഞ്ഞുയർന്നു നിക്കുന്ന വാല് അതൊരു കുറവ് തന്നെ ആണ് .പരിണാമത്തിന്റെ വഴികളിൽ എവിടേയോ ഉപ്പേക്ഷിച്ചു പോന്ന ഒന്നിനു വേണ്ടി അവൻ വെറുതെ ആശിച്ചു .

എന്നാലും അവനൊന്നു ശ്രമിക്കാൻ തീരുമാനിച്ചു .വൈകിയില്ല നായയുമായി നടക്കാനിറങ്ങി താമസക്കാരൻ.ഒന്നു കുരച്ചു നോക്കി.ഇല്ല്യാ തൊണ്ടയിൽ നിന്ന് ഒരു ഞരക്കം മാത്രമേ വരുന്നൂള്ളൂ പോരാ.അയാൾ നടന്നകന്നു തൂടങ്ങി.ഇല്ല തോൽക്കാൻ പാടില്ല സർവ്വ ശേഷിയുമെടുത്ത് ഒരിക്കൽ കൂടി കുരച്ചു നോക്കി.ഇത്തവണ കൂരയെന്നു തോന്നിക്കുന്ന ഒരു ശബ്ദ്ധം പുറത്ത് വന്നു പക്ഷെ അയാളുടെ ശ്രദ്ധയെ ആകർഷിക്കാൻ മാത്രം പര്യ്യപ്തമായിരുന്നില്ല.പതിവില്ലാത്ത ശബ്ദ്ധം കേട്ട് നായ മാത്രം ഒന്നു തിരിഞ്ഞു നോക്കി ഇതെന്തു കളി എന്നു തോന്നി കാണണം.

താൻ പരാജയപ്പെടുന്നത് അവനറിഞ്ഞു.നായയേയും വലിച്ച് അയാൾ തിരിച്ചു വരുന്നു ഇനി ഒരവസരം ലഭിക്കില്ല. അയാളുടെ മുന്നിൽ നിന്നു ഒന്നു കുരക്കാനായാൽ,അവനെപ്പോലെ തനിക്കും കുരക്കാനാവും എന്നു കാണിച്ചുകോടുത്താൽ,അയാളെ കാലിൽ നക്കി സന്തോഷിപ്പിക്കാനായാൽ,അവനേക്കാൾ നന്നായി തനിക്ക് രണ്ടു കാലിൽ നടക്കാം എന്നു കാണിക്കാനായാൽ രക്ഷപ്പെട്ടു പിന്നൊരിക്കലും വെയിലും മഴയും കൊണ്ടു ഇങ്ങനെ കിടക്കേണ്ടി വരില്ല

ഇതുവരെ ഇല്ലാത്ത ആഗ്രഹത്തിന്റെ ശക്തിയിൽ അവനൊന്നാഞ്ഞു വലിച്ചു.മുഴുവൻ ശക്തിയുമെടുത്ത് പഴകി പിഞ്ഞി തുടങ്ങിയ ചരട് മൂറിഞ്ഞു.സമയമില്ല അയാൾ ഉള്ളിലേക്കു കയറാൻ തുടങ്ങിയിരിക്കുന്നു .റോഡിനപ്പുറത്തെ വീട് ലക്ഷ്യമാക്കി പാഞ്ഞു .നിർത്താ‍തെ തിരിയുന്ന ലോറി ചക്രങ്ങൾക്ക് അവനോരു പ്രതിബദ്ധമായതെ ഇല്ല.ഒരു ജോഡി ടയറുകൾ ഒരു ദയവുമില്ലാതെ അവനു മുകളിലൂടെ കയറിയിറങ്ങി

അൽ‌പ്പനേരത്തെ ഒരു മരവിപ്പിനു ശേഷം റോഡ് വീണ്ടും പഴയപടിയായി

ഒരു നായയുടെ ജീവിതം കൊതിച്ചവൻ, അതിമോഹമായതിനാലാവാം ജഡമായി,അരയിൽ പൊട്ടിയ ചരടുമായി ആരോ കൊണ്ടിട്ട പുതപ്പിനടിയിൽ കിടന്നു...

തനിക്കു മുമ്പിൽ വന്നു ചിതറിയ രക്തതുള്ളികൾ ഒന്നു മണത്ത് പോഷകഗുണം ഇല്ലെന്നു കണ്ടാവണം രുചിച്ചു നോക്കാൻ മിനക്കെടാതെ നായ തന്റെ കൂട്ടിലേക്ക് നടന്നു.



(കുറിപ്പ് : ഒരു സാഡിസ്റ്റിക്ക് നിലവാരത്തിൽ പോയോ ഈ സാധനം എന്നു സംശയം കുറച്ചു കടന്നു പോയെങ്കിൽ ക്ഷമിക്കുക.അരയിൽ പൊട്ടിയ ചരട് മാത്രമായി വണ്ടിക്കടിയിൽ ഓടി കയറിയ ഒരു നേർചിത്രം മനസ്സിൽ പതിഞ്ഞതാണ് പണ്ട്.എഴുതി വന്നപ്പൊ അതിങ്ങനെ ആയി കുറച്ച് കടും നിറത്തിൽ തന്നെ എഴുതണം എന്നൊരു വാശി റോഡിനപ്പുറത്ത് അവനെ കൊതിപ്പിച്ചത് ഒരു കളിപാട്ടമൊന്നുമാവില്ല എന്നോരു തോന്നൽ )

Sunday, February 14, 2010

ഒരു വെറും മണ്ടൻ ചിന്ത

അതെ വീണ്ടും ഒരു പ്രണയ ദിനം കൂടി.പ്രണയം തീര്‍ന്നു പോയവര്‍ക്ക് നെടുവീർപ്പുകളും പ്രണയിക്കുന്നവര്‍ക്ക് അടയാളങ്ങളും പ്രണയിക്കാന്‍ കൊതിക്കുന്നവര്‍ക്ക് പുതിയ പ്രദീക്ഷകളും നൽകുന്ന ആല്ലെങ്കിൽ ലഭിക്കുന്ന ദിവസം.ആ ദിവസത്തിന് എനിക്കു വല്ല്യ കോളില്ല.എങ്കിലും എനിക്കും ഉണ്ട് ഒരോർമ്മ.

ഓർത്തു ചിരിക്കാനൊന്നും ബാക്കി വെക്കാതെ അവസാനിച്ച ഡിഗ്രീ പീഡന കാലം കഴിഞ്ഞപ്പൊ ആകെ ഒരു ഇരിക്കപ്പൊറുതി ഇല്ലായ്മ ഒരുദിവസം അടിച്ചു പാമ്പായി ഇരിക്കുമ്പൊ ഒരുത്തൻ ഒരു സീഡി യും പൊക്കി പിടിച്ചു വരുന്നു ബ്രയാൻ ആഡംസ് കളക്ഷ്ൻ “ Those were the best days of my life "അതു കൂടി കേട്ടതോടെ പിടി വിട്ടു. എനിക്കും വേണം ഓർത്തു വെക്കാൻ ഒരു പഠന കാലം പിന്നെ സംശയിച്ചില്ല നേരെ വീട്ടിൽ വിളിച്ചു.

അമ്മേ എനിക്കു MBA എൻട്രൻസ് കിട്ടി ചേരണോ വേണ്ടയോ? അമ്മ പറയും പോലെ ചെയ്യാം.എന്ട്രൻസ് കിട്ടിയതു കൊണ്ട് കാശൊന്നും കൊടുക്കണ്ടാ ഫീസ് മാത്രം മതി.എനിക്കു വെല്ല്യ തൽ‌പ്പര്യമില്ല അമ്മ തീരുമാനിക്കും പോലെ

അമ്മ ഫ്ലാറ്റ് എവിടെ കിട്ടും ഇത്രെം ചൊല്ലുവിളി ഉള്ളൊരു മകനെ.തന്നെ പോയി എന്ട്രൻസ് എഴുതി പാസ്സായി എന്നിട്ടും പറയുന്നത് കേട്ടില്ലേ അമ്മ പറയും പോലേന്ന്(ആ കോളേജിൽ എന്ട്രൻസ് ആരെഴുതിയാലും പാസ്സവും ഡൊണേഷൻ ഇല്ല എന്നു അമ്മ എവിടെ അറിയാൻ )

കെട്ടിറങ്ങി അമ്മയെ വിളിച്ചു പ്രകടനം വെച്ചതൊന്നും ഓർമ്മയില്ല പിറ്റേന്ന് ബ്രയാനെ രണ്ട് തവണ കൂടി കേട്ടപ്പൊ ആ കഴപ്പ് മാറി ഇനിം പരീക്ഷകളോ എന്റെ പട്ടി പോകും.രണ്ടു ദിവസം കഴിഞ്ഞു ഞാൻ വീടു പിടിച്ചു .കോയമ്പത്തൂരിനു സലാം പറഞ്ഞ്. അപ്പഴക്കും അമ്മ തന്നേക്കാൾ വിവരമുണ്ടെന്ന് വിശ്വസിക്കുന്ന എല്ലാരേം വിളിച്ചു കുലങ്കുഷമായ ചർച്ച കഴിഞ്ഞു. എന്നു പറഞ്ഞാ ഹർത്താലിനു ഒഴിവാക്കുന്ന പോലെ പാൽ പത്രം ഗ്യസ്സ് നമ്പറുകൾ ഒഴിച്ച് ടെലിഫോൺ ഇൻഡക്സ് മോത്തം കവർ ചെയ്തു .ഞാൻ ചെന്നു കയറണ്ട താമസം അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹം .കുറച്ചൂടി ഭയങ്കരന്മാരായ ബന്ധുക്കൾ എനിക്കു കൊണ്ടു പോവാൻ ഷർട്ടും പാന്റും വരെ വാങ്ങിച്ചു വീട്ടിലെത്തിയതോടെ കാര്യങ്ങൾ എന്റെ കയ്യീന്നു പോയി.

അങ്ങനെ കള്ളടിയുടെ പരിണത ഫലങ്ങൾ എന്ന എന്റെ വമ്പൻ പട്ടികയിൽ ഇതും കൂടി ഫിറ്റ് ചെയ്തു ഞാൻ വീണ്ടും പഠിക്കാൻ ഇറങ്ങി ഒറ്റ നിശ്ചയ്ത്തിൽ ഇതു കഴിയുമ്പൊ എനിക്കു പറയാൻ കഴിയണം “Those were the best days of my life" .

ആകെ ഈ ഒരു കോഴ്സ് മാത്രം ഉള്ള എല്ലാവരും പരസ്പ്പരം അറിയുന്ന ഒരുപാട് സ്നേഹിക്കുന്ന അദ്ധ്യാപകരുള്ള ആ കോളേജ് എന്നെ നിരാശപ്പെടുത്തിയില്ല ഒരിക്കൽ പോലൂം.ഞാനും അതിനൊത്ത് മാറി

എപ്പഴും ഒരുമിച്ചു നടക്കാൻ ആണൂം പെണ്ണും ആയി 6 പേരെയും കിട്ടി കൂട്ടിന് ഒരുപാടു തമാശകളും ഇടക്ക് ചില്ലറ പരിഭവങ്ങളുമായി രണ്ടു വർഷം പറന്നു പോയി . ഞങ്ങളിലെ ഏറ്റവും തലതെറിച്ചത് ഒരു കോട്ടയം കാരി അച്ചായത്തിയാ. ദൈവത്തിനു പറ്റിയ ഒരു കൈപ്പിഴ കൊണ്ടു പെണ്ണായി പിറന്ന ഒരു മൊതല് .ഒറ്റ ഒഴിവു ദിവസം പോലും ഹോസ്റ്റലിൽ വെറുതെ ഇരിക്കില്ല എന്ന് വാശി ഉള്ള സാധനം അതു കൊണ്ടെന്നാ അക്കാലത്തിറങ്ങിയ ഒരുവിധം സിനിമയെല്ലാം ഞങ്ങൾ അവളുടെ ചിലവിൽ കണ്ടു തീർത്തു .ഫിനാൻസിനും അക്കൌണ്ടിങ്നും ഒഴിച്ചു ബാക്കി എല്ലാ പരീക്ഷയിലും എന്റെ മിക്ക അഡീഷണൽ ഷീറ്റും അവളുടെ കയ്യിലായിരിക്കും.എന്നാലും സ്നേഹമുള്ളവളാണ്.

അങ്ങനെ രണ്ടാം വർഷം ഫെബ്രുവരി 13 ഞാൻ ലൈബ്രറിയിൽ വായനോക്കി ഇരിക്കുമ്പഴാണ് അവളോടി കയറി വന്നത്

ഡാ നീ എന്തു പണ്ടാരത്തിനാ ഇവിടെ പെറ്റുകിടക്കണേ വാ കാന്റീനിൽ പൂവാം. അവരോക്കെ അവിടെ കാണും

എടീ എനിക്കു ചില റെഫറൻസ് എടുക്കാനുണ്ട്

പിന്നേ അവന്റെ റെഫറൻസ്സ് നീ ആ ശ്രീകുട്ടിയുടെ സൈഡ് വ്യൂവിന്റെ റെഫറൻസ് ആണ് എടുക്കണതെന്ന് എല്ലാർക്കും അറിയാം.സാരി ഉടുത്ത ഒന്നിനേം വെറുതേ വിടരുത് കഴുതാ. നീ വരുന്നോ ഇല്ല്യോ?

ചെന്നില്ലേ ലൈബ്രേറിയൻ രണ്ടിനേം ചവിട്ടി പുറത്താക്കും അറിയാവുന്നതു കൊണ്ട് എണീറ്റു

നേരെ കന്റീനിൽ ചെന്നു.കൂട്ടത്തിൽ ഒരുത്തനേം കാണാനില്ല.കന്റീനിൽ കഴിക്കുക എന്നുള്ള കർത്തവ്യം മാത്രേ ഞാൻ ചെയ്യാറുള്ളൂ .അവളു തന്നെ പോയി വാങ്ങി പ്ലേറ്റും കൊണ്ട് അടുത്തു വന്നിരുന്നു.

രണ്ടു സീറ്റപ്പുറം മഞ്ജു ഇരിപ്പുണ്ട് അവളുടെ കവിളിൽ ഒരു ഒറ്റ മുഖക്കുരു നല്ല തുടുത്ത് ചുകന്ന് വാടാ വാടാന്നും പറഞ്ഞ്

ഞാൻ വൈക്കം മുഹമ്മദ്ദ് ബഷീറായി എടീ നോക്ക് എനിക്കവളുടെ മുഖക്കുരുവിന്റെ എകാന്തതയോട് പ്രണയം തോനുന്നു ഞൻ ഒന്നു മുട്ടിയാലൊ

അയ്യടാ അങ്ങു ചെന്നാ മതി അവടപ്പനേ ഡി വൈ എസ് പ്പി ആണ് അതോടെ നിന്റെ ശരീരം മൊത്തം കുരുവാകും

ഹ അതു പോട്ടെ നീ എനിക്കൊരു സഹായം ചെയ്യണം ചെയ്യുവൊ

ഞാൻ ഞെട്ടി ഡിസമ്പർ 31 ന് പറഞ്ഞ അതേ ഡയലോഗ് അതിന്റെ പൂറകിനു ഞാൻ പെട്ടപാട് ചില്ലറയല്ല.ആവശ്യം ന്യായം അവൾക്കും കൂട്ടുകാരികൾക്കും ന്യൂ ഇയർ ആഘോഷിക്കണം ഹോസ്റ്റ്ലിൽ.അതിന് ആളുക്ക് ഓരോ ബിയർ വേണം.ഇതു വരെ കഴിച്ചിട്ടില്ല ആരും. ഒരാഗ്രഹം ഇപ്പഴേ നടക്കൂ സഹായിക്കണം.

അതേടി അന്ന് ബിയർ വാങ്ങി ജീവൻ കളഞ്ഞ് ഹോസ്റ്റലിൽ കൊണ്ടു തന്നതും പൊരാഞ്ഞിട്ട് അവളുമ്മാരൊക്കെ വാളു വെച്ചതിനു വരെ ഞാനാ തെറി കേട്ടതു.ആ‍ സുനിലെന്നെ തല്ലിയില്ലന്നേ ഉള്ളൂ‍ ഞാനാ‍ പരിപാടി നിർത്തി .എനിക്കു മതിയായി പോന്നേ ആളെ വിട്

അതല്ലടാ‍ ഞാൻ പറയട്ടെ നിനക്കു പറ്റ്വോ ഇല്ല്യേ അതു പറ വാക്കുക്കളിൽ പരിഭവം.ഞാൻ അലിഞ്ഞു

ശെരി ഏറ്റു നീ കര്യം പറാ

ഡാ നാളെ വാലന്റീൻസ് ഡേ അല്ലേ

ഹ ഹാ അതിനു നിനക്കെന്താ അതു പ്രേമിക്കാൻ അറിയുന്നവർക്കു പറഞ്ഞതാ .പൂച്ചക്ക് പോന്നുരുക്കുന്നിടത്തു റോളില്ല അതോ ഇനി ആർക്കേലും ഇട്ടു പണിയാനാണേൽ ഞാനില്ല ഇനി ആകെ പത്തു ദിവസേ ബാക്കിയുള്ളൂ

ഡാ നീ എനിക്കോരു സമ്മാനം വാങ്ങിച്ചു കൊണ്ടു തരുവൊ ?.ആരും കാണരുത്

കുടിച്ചോണ്ടിരുന്ന ചായ പാതി വഴിയിൽ നിർത്തി.ഹോസ്റ്റൽ ഒരു കാട്ട്മുക്കിൽ ആയതോ‍ണ്ട് ചില്ലറ പർച്ചേസ് ഒക്കെ എന്റെ പിടലിക്ക് വരാറുണ്ട് എന്നാലും ഇത്

സമ്മാനൊ നിനക്കതെന്തിനാ

എനിക്കോരാൾക്കു കൊടുക്കണം നാളെ. അതു നീ അറിയണ്ടാ

ഈശ്വരാ കുറുന്തോട്ടിക്കും വാതമോ ചട്ടമ്പി കല്ല്യാണിക്കും പ്രണയം .എനിക്കു ചിരിക്കാൻ വയ്യാ ഞാനിതാരോടാ പറയുകാ.

ആരാ പൊന്നേ ആ ദൈവത്താൽ ശപിക്കപെട്ടവൻ പ്ലീസ്സ് ഒന്നു പറ ഇല്ലേ ചിരിച്ചു ഞാൻ ചാവും

നീ ഇതാരോടും പറയില്ലാ ഉറപ്പിലാ ഞാൻ പറഞ്ഞത്.പറ്റില്ലേ അത് പറ.കളിയാക്കണ്ടാ ഞാൻ വേറെ വഴി നോക്കും.ആർക്കാ എന്തിനാ എന്നൊക്കെ നാളെ

അവളു സീരിയസ്സായി ഒരു കാര്യം പറഞ്ഞാ തട്ടാൻ വയ്യാ.പുലിവാലാകുമല്ലോ കാശും ഇറങ്ങും .ഈ ദിവസം ഇറക്കിയവനെ കിട്ടീയാ കഴുത്തിനു കുത്തി പിടിക്കാർന്നു .അല്ലാ അവൾക്കിതാർക്കു കോടുക്കാനാവും.ഞങ്ങടെ കൂട്ടത്തിൽ തന്നെ ആരേലും? ഏയ് കൂട്ടത്തിൽ വേറെ ഗ്രൂപ്പ് പാടില്ല.ഓൾ ഫോർ വൺ വൺ ഫോർ ഓൾ എന്ന നിയമം പാസ്സാക്കിയത് ഇവളു തന്നാ.പിന്നാരാവും കോളേജ് ഗായകനെ ഇടക്കു മുന്നിൽ പിടിച്ചിരുത്തി പാടിക്കാറുണ്ട് പക്ഷെ അളിയൻ ബുക്ക്ഡ് ആണല്ലോ. പിന്നാരോടും പ്രത്യേകിച്ച് അടുപ്പം കണ്ടിട്ടില്ല.ഇനി പുതിയതായി വന്ന ചുള്ളൻ സാറാണൊ.സാറിനെന്നാ ഗ്ലാമറാ എനിക്ക് സഹിക്കണില്ല എന്നെഴുതി ക്ലാസ്സ് മുഴുവൻ കൈമാറിയ കുറിപ്പിൽ അവളുടെ കൈപ്പടയായിരുന്നു അങ്ങനാണേൽ നാളെ എന്തേലും നടക്കും

ഞാൻ തലചൊറിഞ്ഞു ആർച്ചീസിലോക്കെ പോയാ ഒത്തിരി കാശാകും ഞാൻ അൽ‌പ്പം....

അയ്യടാ എന്റേലിപ്പൊ കാശില്ല ഇതിനു നീ കുറച്ചു കാശിറക്ക് ബസ്സിൽ കണ്ടക്റ്ററ് വരുമ്പൊ ഉറങ്ങിയ വകയിലും സിനിമക്ക് പോകുമ്പൊ കറക്ക്റ്റായി പേഴ്സ്സ് മറന്ന വകയിലും എനിക്ക് ഒത്തിരി കാശ് വരാനുണ്ട്

ഞാൻ തോറ്റു വാങ്ങാൻ ധാരണയായി.ശെരി എന്ത് സമ്മാനാ നീ ഉദ്ദേശിക്കണേ

നീ നിനക്ക് നല്ലത് തോന്നണത് വാങ്ങിക്കോ നിന്റെ ടേസ്റ്റിൽ എനിക്ക് വിശ്വാസാ

അന്നു തന്നെ ഞാൻ കടകൾ കയറിയിറങ്ങി ഒരെണ്ണം വാങ്ങിച്ചു അവളുടെ സ്നേഹത്തിന്റെ അടയാളം അല്ലേ മൊശമാകരുത് എന്നൊരു തോന്നൽ.നല്ലതു തന്നെ വാങ്ങി.ഇനി ഇതെങ്ങാനും മോശമായിട്ട് പ്രണയം കുളമായാ ഞാൻ തന്നെ കേക്കണം

പിറ്റേന്ന് ആരും കാണാതെ കോണ്ട് കൊടുത്തു .ഇന്നാ നിന്റെ പ്രണയ സമ്മാനം

കൊച്ചേ നിനക്കീ പൈങ്കിളി ലൈൻ ഒന്നും തീരെ ചേരില്ല എനിക്ക് തന്നെ ബോറാകുന്നു നീ ആളെ പറ നമുക്ക് നടപടി ഉണ്ടാക്കാം.കയ്യും കാലും കെട്ടി എട്ടാക്കി മടക്കി ഞാനീ കാൽകീഴിൽ കൊണ്ടിട്ടു തരും

അവളു കുറച്ചു നേരം മിണ്ടാതിരുന്നു

ഡാ നിനക്കറിയോ എന്റെ വലിയ വലിയ ആഗ്രഹങ്ങൾ ഒന്നും ഒരിക്കലും നടക്കാറില്ല അതു കൊണ്ട് തന്നെ എന്റെ ചെറിയ ആഗ്രഹങ്ങൾ നടക്കണം എന്നു ഞാൻ വാശി പിടിക്കാറ്ണ്ട്

ഇതെന്റെ ചെറിയ ആഗ്രഹാ.ഒരു കുഞ്ഞു സ്വപ്നം കുറച്ചു നാളായി മനസ്സിൽ കൊണ്ട് നടക്കുന്നത്

എടീ കള്ള നസ്രാണി ഗജ ഫ്രോഡേ ഇതത്ര കുഞ്ഞ് പൂതി ഒന്നുമല്ല

അപ്പൊ വല്ല്യ ആഗ്രഹം എന്താ അതാദ്യം കേക്കട്ടേ. ഈ ചാച്ചൻ ഉള്ളപ്പൊ നീ എന്തിനാ പേടിക്കണേ പറ

എന്റെ കണ്ണുകളിൽ നോക്കിയാ അവളത് പറഞ്ഞത്

നിന്റെ കൂടെ ഒരു ജീവിതം.

ഹേയ് നീ പേടിക്കണ്ടടാ അതു നടക്കില്ലാന്ന് നിന്നേക്കാൾ നന്നായി എനിക്കറിയാം. അതാ നിന്റെ കയ്യീന്ന് ഈ ദിവസം ഒരു സമ്മാനം വാങ്ങണം തോന്നിയത്.നീയായി വാങ്ങിതരില്ല അറിയാം അതു കൊണ്ടെന്താ ഇപ്പൊ എന്റെ ആഗ്രഹം നടന്നില്ലേ എപ്പടീ എന്റെ തല

ദാ ഇതു ഞാൻ സൂക്ഷിച്ചു വെക്കും എന്നും നിന്റെ ഒരോർമ്മക്ക്.പ്രണയം ആയിരുന്നോ എന്ന് എനിക്കേ നിശ്ചയല്ല്യാത്ത ഒരു സ്നേഹത്തിന്റെ ഓർമ്മക്ക്.

ഇതു പറയുമ്പൊ അവളുടെ കാലുകൾ ചിത്രം ഒന്നും വരച്ചിരുന്നില്ല കണ്ണുകളിൽ തിരയിളക്കങ്ങളും ഇല്ല.എന്തോ ഒന്ന് നേടിയതിന്റെ സന്തോഷവും എന്നെ ഒന്നു ഷോക്കടിപ്പിച്ചതിന്റെ കുസ്രുതിയും മാത്രം

പറഞ്ഞതൊന്നും ദഹിക്കാതെ വായും പൊളിച്ചു നിക്കുന്ന എന്നെ വിട്ട് അവളു തിരിഞ്ഞു നടന്നു

അപ്പൊ മനസ്സിൽ ഒന്നേ വന്നുള്ളൂ, ഈശ്വരാ അറിഞ്ഞിരുന്നേൽ സ്നേഹത്തോടെ എന്നൊരു വാക്കെങ്കിലും എഴുതി ഇടാമായിരുന്നു എനിക്കാ സമ്മാനപ്പൊതിയിൽ

വർഷങ്ങൾക്കപ്പുറം ഒരുപാട് ഫെബ്രുവരി 14 കൾ കഴിഞ്ഞു

അവളുടെ തല്ലകൊള്ളിതരത്തിനൊക്കെ കുട പിടിക്കുന്ന നല്ലൊരുത്തനെ തന്നെ കെട്ടി കുഞ്ഞുങ്ങളുമായി ഒരുപാട് സന്തോഷത്തിൽ കഴിയുന്നു ..ഇന്നവൾ ആ വലിയ ആഗ്രഹത്തിലെ അതിലും വലിയ മണ്ടത്തരം ഓർത്തു ചിരിക്കുന്നുണ്ടാകും.എന്നാലും ഒന്നും തെളിയിക്കാൻ വേണ്ടി അല്ലാതെ കൊടുത്ത ആ സമ്മാനം അവൾ സൂക്ഷിക്കുന്നുണ്ടാവില്ലേ. ഈ ദിവസം അതൊന്നെടുത്തു നോക്കില്ലേ എന്നെനിക്കൊരു വെറും മണ്ടൻ ചിന്ത ....